സൗദിയില്‍ ജൂലൈ 1 മുതല്‍ ഫാമിലി ടാക്‌സ്; കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയില്‍ പ്രവാസികള്‍

0

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ ജൂലൈ ഒന്നു മുതല്‍ ഫാമിലി ടാക്‌സ് നടപ്പിലാക്കാന്‍ തീരുമാനം. കൂടെയുള്ള ആശ്രിതര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയക്കേണ്ട അവസ്ഥയാണ്.

മാസം തോറും നല്‍കേണ്ടി വരുന്ന ഈ ആശ്രിതഫീസ് കനത്ത ബാദ്ധ്യത വിദേശ മലയാളികള്‍ക്ക് സമ്മാനിക്കുമെന്നാണ് ആശങ്ക. അഡ്വാന്‍സായി പണം അടയ്‌ക്കേണ്ടിയും വരുന്നതിനാല്‍ പലര്‍ക്കും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുക മാത്രമാണ് രക്ഷ. വിദേശിയായ ഒരാള്‍ ഓരോ ആശ്രിതനും മാസം തോറും 100 റിയാല്‍ (ഏകദേശം 1,700 രൂപ) ഫീസ് നല്‍കേണ്ടി വരുമെന്നാണ് വിവരം. ഇത് വന്‍ ബാദ്ധ്യത ഉണ്ടാക്കുന്നതിനാല്‍ കൂടെയുള്ള മറ്റ് കുടുംബാംഗങ്ങളെ തിരിച്ചയയ്ക്കാന്‍ പലരും തീരുമാനിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 41 ലക്ഷം ഇന്ത്യാക്കാരാണ് സൗദിയിലുള്ളത്. ദമാമിലുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധരായി ജോലി ചെയ്യുന്നവര്‍ പോലും ഈ ചെലവ് താങ്ങാനാകില്ല എന്ന് ഭയന്ന് വീട്ടുകാരെ കയറ്റി അയയ്ക്കാനുള്ള നീക്കത്തിലാണ്.

അനേകര്‍ ഇതിനകം തന്നെ കുടുംബത്തെ നാട്ടിലേക്ക് അയച്ചതായി കുടിയേറ്റ അവകാശ പ്രവര്‍ത്തകരും പറയുന്നു. മാസം 5000 റിയാലെങ്കിലും (ഏകദേശം 86,000 രൂപ) മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് പ്രധാനമായും കുടുംബവിസ കിട്ടുന്നത്. പുതിയ നിയമം അനുസരിച്ച് ഭാര്യയും രണ്ടു മക്കളുമായി കഴിയുന്നയാള്‍ക്ക് 300 റിയാല്‍ (ഏകദേശം 5000രൂപ) എങ്കിലും നല്‍കേണ്ടി വരും. ഇതിന് പുറമേ 2020 വരെ വര്‍ഷംതോറും 100 റിയാല്‍ വീതം കൂട്ടാനും നീക്കമുണ്ട്. അങ്ങിനെയായാല്‍ ഈ ചെലവ് മാസം 400 റിയാല്‍ (6,900) എന്ന രീതിയിലാകും.

ഇഖാമ പുതുക്കുന്ന കൂട്ടത്തില്‍ തന്നെ മാസംതോറുമുള്ള ഈ തുക കൂടി അടയ്‌ക്കേണ്ടിയും വരും. മാസം 100 രൂപ വീതം തന്നെ കൂടാതെയുള്ള വീട്ടിലെ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വരുമ്പോള്‍ ഒരു പ്രവാസിക്ക് ഒരു വര്‍ഷം 1200 റിയാലാണ് നഷ്ടമാകുക. ഭാര്യയ്ക്കും മക്കള്‍ക്കുമായി ഇഖാമ പുതുക്കുമ്പോള്‍ തന്നെ 3,600 റിയാല്‍ (ഏകദേശം 62,000 രൂപ) ‘ആശ്രിതഫീസ്’ നല്‍കേണ്ടി വരും. അപ്പോള്‍ പിന്നെ ഭാര്യയേയും കുട്ടികളേയും നാട്ടിലേക്ക് അയയ്ക്കുക എന്ന വഴി മാത്രമാണ് പ്രവാസികള്‍ക്ക് ഉള്ളത്. തദ്ദേശവാസികള്‍ക്ക് തൊഴിലവസരം കൂട്ടാനായി സൗദി ഇപ്പോള്‍ തന്നെ നടപ്പാക്കിയിട്ടുള്ള പല പദ്ധതികളും പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കെയാണ് വിദേശികള്‍ക്ക് പുതിയ തലവേദനയും ഉണ്ടായിരിക്കുന്നത്.