ഡല്‍ഹി മാനഭംഗം: പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്കു മാറ്റി

0

 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ  പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി  സിംഗപ്പൂരിലേക്ക് കൊണ്ടുപോയി.ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്നും പ്രത്യേക എയര്‍ ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
 
ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പരമാവധി ഒഴിവാക്കി രാത്രി 10.30-ന് ആശുപത്രി പരിസരത്തേക്ക് രണ്ടു ആംബുലന്‍സ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ എയര്‍ ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക്  മാറ്റിയത്.
 
അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനുമതിയോടെയാണ്  സിംഗപ്പൂരിലേക്ക് മാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സിംഗപ്പൂരിലേക്ക് പോകും.ബുധനാഴ്ച വൈകീട്ടോടെ ദല്‍ഹി പോലീസ് അസിസറ്റന്റ് സൂപ്രണ്ട് സഫ്ദര്‍ജംഗ് ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയിരുന്നു. സിംഗപ്പൂരിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച വൈകീട്ടോടെ തന്നെ പൂര്‍ത്തിയാക്കിയിരുന്നതായാണ് അറിയുന്നത്.പീഡനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അതീവരഹസ്യമായാണ് സിംഗപ്പൂരിലേക്ക് മാറ്റാനുള്ള കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നീക്കിയത്.
 
വന്‍കുടല്‍ മാറ്റിവയ്ക്കല്‍ അടക്കമുള്ള അതീവ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ വേണ്ടതിനാലാണു ചികില്‍സ സിംഗപ്പൂരിലേക്കു മാറ്റുന്നത്. ഗ്ലെനീഗ്ലെസ് ആശുപത്രി, സിംഗപ്പൂര്‍ ജനറല്‍ ആശുപത്രി എന്നിങ്ങനെ വന്‍കുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന പ്രമുഖ രണ്ടു ആശുപത്രികള്‍ സിംഗപ്പൂരിലുണ്ട്. വൃക്ക രോഗത്തെ തുടര്‍ന്നു നടന്‍ രജനീകാന്ത് ചികില്‍സ തേടിയ ആശുപത്രിയാണു മൗണ്ട് എലിസബത്ത്.