ചരിത്രത്തില്‍ നിന്നൊരു കത്ത്: കത്ത് ലഭിച്ചത് 138 വര്‍ഷങ്ങള്‍ക്കുശേഷം!

0
ചരിത്രത്തില്‍ നിന്നൊരു കത്ത്: അമന്ദ്‌ പൈല (1820-1897) യുടെ രേഖാചിത്രം 1877 -ല്‍ അയച്ച കത്തിനോടൊപ്പം

എണ്‍പതുകാരിയായ തെരേസ പൈലയുടെ വീട്ടിലേക്കു കുറച്ചു ദിവസം മുന്‍പ്, ഒരു കത്തുമായി പോസ്റ്റ്മാന്‍ എത്തി. കത്ത് വന്നിരിക്കുന്നത് തന്‍റെ മുതുമുത്തശ്ശന്‍ അമന്ദ്‌ പൈല (1820-1897) യുടെ പേരിലാണ്. കത്തുടമ ജീവനോടെയില്ലന്നറിഞ്ഞ് പോസ്റ്റ്മാന്‍ കത്ത് തെരേസയ്ക്ക് കൈമാറി. കത്ത് തുറന്നപ്പോള്‍, ആശ്ചര്യമെന്ന് പറയട്ടെ, കത്ത് അയച്ചിരിക്കുന്നത് 1877 ജനുവരി 27 ന് ആണ്.

ഫ്രാന്‍സിലെ ട്രെലോണിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. കത്തയച്ചത് 10 കിലോമീറ്റര്‍ ദൂരെയുള്ള സെയിന്‍സ്-ഡ്യു-നോര്‍ഡില്‍ നിന്നും. ഇത്രയും കുറഞ്ഞ ദൂരത്ത്‌ നിന്നും കത്ത് ഡെലിവര്‍ ചെയ്യാന്‍ 138 വര്‍ഷമെടുത്തത് അവിശ്വസനീയമായി. കത്തുകള്‍ക്കിടയില്‍ പഴയ കത്ത് ശ്രദ്ധയില്‍പ്പെട്ട പോസ്റ്റ്മാന്‍ കത്തുമായി ഉടമയെ തേടി വീട്ടിലെത്തുകയായിരുന്നു.

138 വര്‍ഷം പഴക്കമുള്ള കത്താണെങ്കിലും, എഴുതിയത് ഇപ്പോഴും വ്യക്തം. വളരെ പഴയ ലിപിയില്‍ എഴുതിയൊരു കത്ത്. തെരേസയുടെ മുതുമുത്തശ്ശന്‍ നടത്തിയിരുന്ന സ്പിന്നിംഗ് മില്ലില്‍നിന്ന് ഓഡര്‍ ചെയ്ത നെയ്‌ത്തുനൂലിനെ പരാമര്‍ശിച്ചായുരുന്നു കത്ത്.   

ഫ്രാന്‍സിലെ മീഡിയകള്‍ ഈ സംഭവം ഏറ്റെടുത്തതോടെ പോസ്റ്റല്‍ അധികൃതര്‍ ഖേദം പ്രകടമാക്കിക്കൊണ്ട് മുന്നോട്ടുവന്നു.

കത്തുകള്‍ ചിലപ്പോഴൊക്കെ നഷ്ടപ്പെടാറുണ്ട്, പലപ്പോഴും ലോക്കറുകള്‍ വൃത്തിയാക്കുമ്പോഴും, ഷിഫ്റ്റ്‌ ചെയ്യുമ്പോഴും അശ്രദ്ധയില്‍ താഴെ വീണ്‌ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാലും നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്ത് റിക്കവര്‍ ചെയ്യുന്നത് ആദ്യമായാണെന്ന് പോസ്റ്റല്‍ വകുപ്പ് വ്യക്തമാക്കി.

അസാധാരണമായ സംഭവമായതുകൊണ്ട് തന്നെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ലാ പോസ്റ്റ്‌ (LA POST) അധികൃതര്‍.
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.