ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ്സ് (ഐ.എസ്) ഏറ്റെടുത്തു. ഇന്ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരര്‍ അടക്കം എഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കനേഡിയന്‍ പൌരനുമുണ്ട്. . ബൈക്കുകളില്‍ എത്തിയ ഭീകരര്‍ പൊതുജനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു. നാല് ഭീകരരെ ജീവനോടെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍..
ജക്കാര്‍ത്തയില്‍ ഐക്യരാഷ്ര്ടസഭയുടെ ഓഫീസും വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജക്കാര്‍ത്തയിലാണ് സ്ഫോടന പരമ്പരയും ആക്രമണവും നടന്നത്. തെരുവില്‍ ആറു തവണ സ്ഫോടനം നടന്നതായും പോലീസ് വ്യക്തമാക്കി. തെരുവ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സറീന മാളിലും ഒരു സ്ഫോടനം നടന്നു. മണിക്കൂറുകള്‍ നീണ്ട എറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ തുരത്തിയത്. ഇരുപതിലേറെപ്പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്.
ഇതിന് മുന്‍പും ഇന്തോനേഷ്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2000 മുതല്‍ 2009 വരെ ഇസ്ലാമിക വിമതര്‍ തുടര്‍ച്ചയായി വന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 2002ല്‍ ബാലിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 202 പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷവും പുതുവത്സരാഘോഷ വേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാലി അതീവ ജാഗ്രതയിലായിരുന്നു.