മനസാക്ഷി മരവിച്ച സമൂഹം; അപകടത്തില്‍ പരിക്കേറ്റു രക്തത്തിൽ കുളിച്ചുകിടന്നയാൾ സഹായത്തിനായി കെഞ്ചി; ആളുകള്‍ക്ക് തിടുക്കം ഫോട്ടോ എടുക്കുന്നതില്‍

0

അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കുന്നതിനു പകരം ചിത്രങ്ങൾ പകർത്താൻ മൽസരിക്കുന്നവരെക്കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. കർണാടകയിലെ കൊപ്പലിൽനിന്നാണ് ഏറ്റവും പുതിയ സംഭവം. വാഹനാപകടത്തില്‍പെട്ട് രക്തത്തില്‍ കുളിച്ച് റോഡില്‍ കിടക്കുന്ന പതിനേഴുകാരന്‍ ജീവനായി കേഴുമ്പോള്‍  ചുറ്റുംകൂടിയ ജനങ്ങള്‍ തിടുക്കം കാട്ടിയത് ചിത്രങ്ങള്‍ പകര്‍ത്താന്‍ .ബെംഗളൂരുവിൽനിന്ന് 380 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന കൊപ്പൽ.

രാവിലെ മാര്‍ക്കറ്റിലേക്ക് സൈക്കിളില്‍ പോയ അന്‍വര്‍ അലിയാണ് സര്‍ക്കാര്‍ ബസിടിച്ച് റോഡില്‍ വീണത്. അലിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. രക്തത്തില്‍ കുളിച്ച് യുവാവ് അരമണിക്കൂറിലേറെ റോഡില്‍ കിടന്നു. രക്ഷിക്കണമെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നുമുള്ള യുവാവിന്റെ അഭ്യര്‍ത്ഥ ചെവിക്കൊള്ളാന്‍ അവിടെ കൂടിനിന്നവര്‍ ആരും തയ്യാറായില്ല. എല്ലാവരും മൊബൈലില്‍ ചിത്രം വീഡിയോയും എടുക്കുന്നിതിനുള്ള തിരക്കിലായിരുന്നു.സഹായിക്കണമെന്ന് അലി കെഞ്ചി അപേക്ഷിച്ചപ്പോൾ ഒരാൾ കുറച്ചു വെള്ളം നൽകുന്നതായി വിഡിയോയിൽ കാണാം.

അതേസമയം, കൃത്യസമയത്ത് ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അലി ഇപ്പോഴും ജീവനോടെ ഇരുന്നേനെയെന്ന് സഹോദരൻ റിയാസ് പറഞ്ഞു. മൈസൂരുവിൽ ബസുമായി കൂട്ടിയിടിച്ച് ജീപ്പിനകത്ത് അകപ്പെട്ടുപോയ പൊലീസുകാരൻ രക്ഷപ്പെടുത്താനായി കെഞ്ചിയപ്പോൾ, ചുറ്റുംകൂടിനിന്നവർ ഫോട്ടോ എടുത്തെന്ന വാർത്ത പുറത്തുവന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. അതിനു പിന്നാലെയാണ് രാജ്യത്തെ നാണംകെടുത്തുന്ന പുതിയ സംഭവം.അപകടത്തില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം നിലവിലുള്ള സംസ്ഥാനം കൂടിയാണ് കര്‍ണാടക.എങ്കിലും അപകടത്തില്‍ പെട്ടവരെ സഹായിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല .