ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും ചതിച്ചു; ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി; ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

0

ബാഹുബലിയെ കട്ടപ്പ മാത്രമല്ല ഗ്രാഫിക് ഡിസൈനറും പിന്നില്‍ നിന്നും കുത്തി .സംഭവം മറ്റൊന്നുമല്ല ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ലീക്കായി. ചിത്രത്തിന്റെ അവസാനഭാഗത്തുള്ള പ്രധാനപ്പെട്ട യുദ്ധരംഗങ്ങളാണ് പുറത്തായത്. ചിത്രീകരണത്തിന് ശേഷം എഡിറ്റിംഗിന് മുന്‍പുള്ള ഒന്‍പത് മിനുട്ട് ദൈര്‍ഘ്യമുള്ള വിഷ്വല്‍ എഫക്ട് ഉപയോഗിക്കാത്ത ക്രോമ രംഗങ്ങളാണ് പുറത്തായത്.

സംഭവത്തില്‍ ചിത്രത്തിന്റെ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലീക്കായ വീഡിയോരംഗങ്ങളില്‍ പ്രഭാസും അനുഷ്‌ക്ക ഷെട്ടിയും മറ്റനേകം ഭടന്‍മാരും ഉള്‍പ്പെടുന്ന യുദ്ധരംഗമാണ് ഉളളത്. രണ്ടര മിനുട്ടുള്ള വീഡിയോയില്‍ ബാഹുബലിയുടേയും ദേവസേനയുടേയും ചെറുപ്പകാലമാണ് കാണിക്കുന്നത്. ലീക്കായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതീവരഹസ്യമായിട്ടായിരുന്നു ബാഹുബലിയുടെ ചിത്രീകരണം. ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പോലും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ സെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലും കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഇതിനിടെയാണ് ഇങ്ങനെയൊരു സംഭവം. നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ച ക്വാറിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രീകരണം. ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാനെത്തിയവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്തും ക്ലൈമാക്‌സിലെ യുദ്ധരംഗങ്ങള്‍ ലീക്കായിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്.