ബത്താം: ഇന്തോനേഷ്യയിലെ ബത്താം മലയാളികള്‍  ഓണം  ആഘോഷിച്ചു. എല്ലാ വര്‍ഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന ഓണാഘോഷങ്ങള്‍ ഇക്കുറി അല്‍പം  വൈകിയാണ് ദ്വീപില്‍ നടന്നത്. ഞായര്‍  രാവിലെ ഒന്‍പതു മണിക്ക്  ക്രൌണ്‍ വിസ്റ്റ  ഹോട്ടലില്‍  ബത്താം ഓണം 2016  പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി ലതിക ( ലതിക ടീച്ചര്‍)  നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് ബത്താം മലയാളികള്‍ അവതരിപ്പിച്ച വിവിധ കലാപാരിപാടികള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവ അരങ്ങേറി. ഓണ സദ്യക്ക് ശേഷം ഐഡിയ സ്റ്റാര്‍ സിങ്ങേഴ്സ് ഗാനമേളയും   കലാഭവന്‍റെ കലാ വിരുന്നും ബത്താം ഓണം 2016  കൂടുതല്‍ ആസ്വാദ്യമാക്കി.

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ചകളില്‍ വിവിധ കലാ കായിക മത്സരങ്ങള്‍ നടന്നു. ഇക്കുറി മലയാളി ടീമുകള്‍ അണിനിരന്ന ഫുട്സാല്‍ മത്സരങ്ങള്‍ ആവേശവും പുതുമയും നല്‍കി. രണ്ടു ആഴ്ചകളിലായി മത്സരങ്ങള്‍ നടന്നു.

ഐഡിയ സ്റ്റാര്‍ സിങ്ങേഴ്സ് അരുണ്‍ ഗോപന്‍, റോഷന്‍, സുദര്‍ശന്‍, എന്നിവരോടൊപ്പം സിംഗപ്പൂര്‍ ഗായിക അപര്‍ണ്ണ പ്രദീപും ഗാനമേളയില്‍  പങ്കെടുത്തു.

കലാഭവന്‍ സതീഷ്‌ അവതരിപ്പിച്ച ഷോയും ബത്താമിലെ കലാകാരന്മാരുടെ ഡാന്‍സ്, നാടന്‍ പാട്ട്, മിമിക്രി, ഭരതനാട്യം, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, സ്കിറ്റ് എന്നിവയും  പരിപാടിയുടെ ഭാഗമായി.

ഓണക്കാഴ്ച എന്ന പേരില്‍ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റില്‍ ഓണപൊട്ടനും, കുമ്മാട്ടിയും, പുലി കളിയും, കൊയ്ത്തും, കാണിക്കയും, വള്ളം കളിയും സ്റ്റേജില്‍ എത്തി. അഞ്ചു മീറ്റര്‍ നീളത്തില്‍ സ്റ്റേജില്‍ വന്ന ബത്താം ചുണ്ടന്‍ ആവേശമായ കാഴ്ചയായി.

ലതിക ടീച്ചര്‍ പാട്ടുകള്‍ കോര്‍ത്തിണക്കിയും സിനിമ ഗാനത്തിന്‍റെ വിവിധ വശങ്ങളെ സിനിമ പിന്നണിയില്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് വിശദീകരിച്ചത് പുതുമയും പുതിയ അറിവുമായി.

തിരകള്‍ക്ക് മേലെ വള്ളപ്പാട്ടിന്‍റെയും മലയാളി ഒരുമയുടെയും ഓണത്തിന്‍റെ  ഓര്‍മ്മപ്പെടുത്തലിന്‍റെയും സുഖമായി ഇവിടെ മലയാളികള്‍ ഓണാഘോഷത്തിന്  പൂക്കളപ്പൂവുകള്‍ നിരത്തി.

സിയാദ് കേലോത്ത് -പ്രസിഡന്റ്‌, വെണ്മണി ബിമല്‍ രാജ് -സെക്രട്ടറി, റിയാസ് -ട്രഷറര്‍  എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതോളം പേരുടെ വിവിധ കമ്മറ്റികളും ബത്താം ഓണം 2016  നു വേണ്ടി പ്രവര്‍ത്തിക്കന്നുണ്ടായിരുന്നു.

പുലി കളിയും, വള്ളപ്പാട്ടും, വടംവലിയും കുരുത്തോലയും പൂക്കളവും തൃക്കാക്കര അപ്പനും  നിലവിളക്കും തൂശന്‍ ഇലയും ഓണാഘോഷങ്ങള്‍ക്ക് വേണമെന്ന മലയാളിയുടെ ആവേശമോടെ ബത്താം ഓണം ആവെശമോടെ നടത്തപ്പെട്ടു.. ബത്താം ഓണം ഈ വര്‍ഷത്തെ ഓണക്കാലത്തിന്‍റെ സമാപന കാഹളമോടെ ആമോദത്തോടെ  പര്യവസാനിച്ചു.

സിയാദ് സ്വാഗതവും ബിമല്‍ രാജ് നന്ദിയും പറഞ്ഞു. വൈകിട്ട് 7 നു പരിപാടികള്‍ അവസാനിച്ചു.