ബോറിസ് ജോൺസണ് തിരിച്ചടി; ബ്രിട്ടണിൽ രണ്ട് മന്ത്രിമാർ രാജിവച്ചു

1

ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടുകളില്‍ വിയോജിച്ചാണ് രാജി.

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ വേട്ടയാടുന്ന ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചത്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി. ഇതോടെ ബോറിസ് സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണ് രാജ്യത്തുയരുന്നത്.