റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടന്‍; 5 റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി

1

റഷ്യക്കെതിരായ നടപടി കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നടപടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തി. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടണ്‍ മരവിപ്പിക്കുകയും ചെയ്തു. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറല്‍ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് എന്നിവയാണ് യുകെ ഉപരോധം ഏര്‍പ്പെടുത്തിയ ബാങ്കുകള്‍. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടന്‍ബെര്‍ഗ്, ഇഗോര്‍ റോട്ടന്‍ബെര്‍ഗ് എന്നിവരാണ് ഉപരോധം നേരിടുന്ന അതിസമ്പന്നര്‍. ഇവരുടെ ബ്രിട്ടണിലെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും യുകെയിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്യും. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിന്‍ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ബോറിസ് ജോണ്‍സന്റെ പ്രതികരണം.

യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ പ്രകോപനത്തിന് പിന്നാലെ വിപണിയില്‍ റഷ്യന്‍ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയാണ്. റഷ്യന്‍ സമ്പദ് രംഗത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടണ്‍ ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞതോടെ റഷ്യ ഇനിയും കനത്ത തിരിച്ചടികള്‍ നേരിടേണ്ടതായി വരും. ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന് നൂറ് ഡോളറിനടുത്തെത്തി. 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 97.87 ഡോളറിലേക്കെത്തി. യു എസ് ക്രൂഡ് വിലയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്. 3.61 ശതമാനം വര്‍ധനയോടെ വില ബാരലിന് 94.36 ഡോളറിലെത്തി. 2021 ലെ ക്രൂഡ് ഓയില്‍ വിലയില്‍ നിന്നും ഈ വര്‍ഷം 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുദ്ധസമാന സാഹചര്യം വരും ദിവസങ്ങളില്‍ വന്നാല്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളര്‍ എന്ന നിലയിലേക്ക് വരെ കുതിച്ചേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്കയും നാറ്റോയും രംഗത്തുവന്നു. 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണിപ്പോള്‍ എന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.