പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന

0
പ്രതീകാത്മക ചിത്രം

ബീജിങ്: പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം ചൈന വെള്ളിയാഴ്ച വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. എന്നാല്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്ഷേപണത്തിന്റെ കൃത്യമായ സമയമോ പേടകത്തിന്റെ സാങ്കേതിക വിദ്യകളെ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.

വിക്ഷേപണം വിജയകരമാണ്. ജോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലോംഗ് മാര്‍ച്ച് 2എഫ് റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം സംബന്ധിച്ച് ചൈന 2017-ല്‍ പ്രഖ്യാപിച്ച പദ്ധതിയായിരിക്കുമിതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പരിക്രമണ പ്രവര്‍ത്തനത്തിന്റെ ഒരു കാലയളവിന് ശേഷം പേടകം ചൈനയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ലാന്‍ഡിങ് സ്ഥാനത്ത് ഇറങ്ങും. വിക്ഷേപണത്തിന്റെ ചിത്രമെടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനോ പാടില്ലെന്ന നിര്‍ദേശം അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്‌.

വിക്ഷേപണ രീതിയും പേടകവും എല്ലാം പുതിയതും വ്യത്യസ്തവുമാണ്. അതിനാലാണ് അധിക സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചൈനീസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ് വ്യോ മസേനയുടെ യുഎസ് എക്‌സ്-37 ബി പദ്ധതിയുമായി ഈ ദൗത്യത്തിന് ബന്ധമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.