ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി ടെന്നിസ് താരം

0

ബെയ്ജിങ് ∙ കിടപ്പറയ്ക്കു കാവൽ ഏർപ്പെടുത്തി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ജാങ് ഗൗലീ ചെയ്ത ക്രൂരതയെക്കുറിച്ച് പ്രശസ്ത ടെന്നിസ് താരം പെങ് ഷുവായ് സമൂഹമാധ്യമത്തിൽ പറഞ്ഞതെല്ലാം അധികൃതർ അരമണിക്കൂറിനകം മായ്ച്ചു കളഞ്ഞു.

ലൈംഗികപീഡനത്തിനിരയായ പഴയസംഭവം തുറന്നു പറയുന്ന ‘മീടൂ’ മുന്നേറ്റത്തിന്റെ ഏറ്റവും പുതിയ ചൈനീസ് പതിപ്പാണ് വിവാദമായത്. പെങ്ങിന്റെ അനുഭവം അടങ്ങിയ ‘തുറന്ന കത്ത്’ വായിക്കാൻ ചൈനീസ് ട്വിറ്ററായ വെയ്ബോയിൽ തിരയുന്നവരുടെ എണ്ണം ഇരട്ടിച്ചു കൊണ്ടേയിരിക്കുന്നു.

പ്രസിഡന്റ് ഷി ചിൻ‌പിങ്ങിന്റെ വിശ്വസ്തനായ മുൻ ഉപപ്രധാനമന്ത്രി ജാങ് (75) പത്തു വർഷം മുൻപ് തന്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നാണു മുൻ വിമ്പിൾഡൻ, ഫ്രഞ്ച് ഓപ്പൺ ഡബിൾസ് താരം പെങ് (35) വെളിപ്പെടുത്തിയത്. ജാങ്ങും ഭാര്യയും ക്ഷണിച്ചതനുസരിച്ച് ടെന്നിസ് കളിക്കാൻ അവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആരോപണവുമായി ബന്ധപ്പെട്ടതൊന്നും ചൈനീസ് ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമല്ല.