സ്മാര്‍ട്ട് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും യുഗം അവസാനിക്കാന്‍ പോകുന്നു

0

 

സ്മാര്‍ട്ട് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും യുഗം അവസാനിക്കാന്‍ പോകുകയാണ് . പറയുന്നത് മറ്റാരുമല്ല ;ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ തലവന്‍ സുന്ദര്‍ പിച്ചൈയാണ് . ജീവനക്കാര്‍ക്ക് അയച്ച വാര്‍ഷിക എഴുത്തിലാണ് സുന്ദര്‍ പിച്ചെയുടെ വെളിപ്പെടുത്തല്‍.

കമ്പ്യൂട്ടറുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുമെല്ലാം ഗൂഗിള്‍ മാറുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ പിച്ചൈ നല്‍കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലും കമ്പ്യൂട്ടര്‍ എന്നാല്‍ ഡെസ്‌ക് ടോപ്പുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ കംപ്യൂട്ടറുകളുടെ വലിപ്പവും വിലയും കുറയുകയും ജനകീയമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കംപ്യൂട്ടറുകള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ രൂപത്തില്‍ നമ്മുടെ പോക്കറ്റില്‍ ഒതുങ്ങി. ഭാവിയില്‍ ഇത് തന്നെ ഇല്ലാതാകുമെന്നാണ് സുന്ദര്‍ പിച്ചൈ പറയുന്നത്. കംപ്യൂട്ടര്‍ ഒരു യന്ത്രം എന്ന നിലയില്‍ നിന്നും നിരന്തരം നിങ്ങളെ സഹായിക്കുന്ന ഒന്നായി, ഇന്റലിജന്റ് അസിസ്റ്റന്റായി മാറാന്‍ പോവുകയാണ്. കമ്പ്യൂട്ടറുകളുടെ ലോകത്തില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ലോകത്തേക്ക് ഗൂഗിളും മാറിക്കൊണ്ടിരിക്കുകയാണെന്നും പിച്ചൈ പറയുന്നു