കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയം, ചരിത്രത്തിൻ്റെ ചാക്രിക ചലനമോ?

0

കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയം വീണ്ടും കലങ്ങുകയും തെളിയുകയുമാണോ ചെയ്യുന്നത്.’ ഡി.സി.സി. പ്രസിഡണ്ടുമാരുടെ നിയമനം കേരളത്തിലെ കോൺഗ്രസ് രാഷ്ടീയത്തിൽ വീണ്ടും വിവാദങ്ങളുടെ ഓളങ്ങൾ ഉയർത്തുകയാണ്. മസിൽ പവറിൻ്റെ ശക്തിയിൽ അഭിരമിച്ചിരുന്ന പുതിയ കെ.പി.സി.സി. പ്രസിഡണ്ട് എല്ലാം തൻ്റെ വരുതിയിലാണെന്നും അപശബ്ദങ്ങൾക്ക് ഒരു വിലയും കല്പിക്കുന്നില്ലെന്നും അസന്നിഗ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതേ അധികാരത്തിൻ്റെയും അഹങ്കാരത്തിൻ്റെയും ഭാഷ തന്നെയായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശനിൽ ‘നിന്നും ഉയർന്നു വന്നത്. മാത്രമല്ല, ചിലർക്കെതിരെ അച്ചടക്ക നടപടിയുടെ ഖഡ്ഗം ഉയർത്തുകയും ചെയ്തു. നടപടികൾ ഏറ്റുവാങ്ങേണ്ടി വന്നവർ അതിന് കടലാസിൻ്റെ വില പോലും നൽകുകയും ചെയ്തില്ല.

ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പാർശ്വവൽക്കരിച്ച് പുതിയ യജമാനന്മാർ എല്ലാം തീരുമാനിക്കേണ്ടത് തങ്ങൾ തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്തു.ഇതിന് പിൻബലമായി അവർ ഉയർത്തിപ്പിടിച്ചത് ഹൈക്കമാൻ്റിൻ്റെ സർവ്വ വിധത്തിലുള്ള പിന്തുണയും എന്ന വാദമായിരുന്നു’ എന്നാൽ അഭിനവ യജമാനന്മാർ മനസ്സിലാക്കാത്ത മറ്റൊരു യഥാർത്ഥ്യമുണ്ട്. ഹൈക്കമാൻ്റ് പിന്തുണയെന്നത് സാങ്കേതികത്വം മാത്രമാണ്.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ സ്വീകാര്യതയും ജനപിന്തുണയും ഹൈക്കമാൻ്റിന് പകർന്ന് കൊടുക്കാൻ കഴിയില്ലെന്ന പരമമായ സത്യം’ എന്നാൽ നാല്പത്തി എട്ട് മണിക്കൂറിനകം സുധാകരനും സതീശനും ഈ യാഥാർത്ഥ്യം ബോദ്ധ്യമായിട്ടുണ്ട്. ഇന്ന് അവരുടെ വാക്കുകൾ ഉച്ചസ്ഥായിയിലല്ല. ഭാഷയ്ക്ക് മൃദുത്വം കൈവന്നിരിക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശും ഞങ്ങളുടെ നേതാക്കൾ തന്നെയാണെന്നും അവരുടെ ആശീർവാദവും പിന്തുണയും അത്യന്താപേക്ഷിതമാണെന്നും സുധാകര- സതീശ ദ്വന്ദത്തിന് വ്യക്തമായിട്ടുണ്ട്.

മറ്റൊരർത്ഥത്തിൽ രമേശും ഉമ്മൻ ചാണ്ടിയും അവഗണനയ്ക്ക് അർഹരാണ്. ആൻ്റണിയെ പിന്നിൽ നിന്ന് കുത്തിയത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ. കരുണാകരനെതിരെ കരുനീക്കം നടത്തിയ പാരമ്പര്യം രമേശിനും അവകാശപ്പെട്ടതാണ്. ഇപ്പോൾ സ്വന്തം ഗ്രൂപ്പുകളിൽ നിന്ന് അതേ അനുഭവം അവർക്കുണ്ടാകുന്നത് കാലത്തിൻ്റെ കാര്യനീതിയായി തന്നെ വിശേഷിപ്പിക്കാം. നമുക്ക് ആശ്വസിക്കാം, കോൺഗ്രസ്സിൽ ചരിത്രത്തിൻ്റെ ചലനം ചാക്രികം തന്നെ.