കേരള പോലീസ് താലിബാൻ ഭീകരരോ?

0

കഴിഞ്ഞ 35 ദിവസമായി തിരൂരങ്ങാടി തെന്നല സ്വദേശി തിരൂർ സബ് ജയിലിലായിരുന്നു’ പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടായിരുന്നു ഈ പതിനെട്ടുകാരനെ ജയിലിൽ അടച്ചത്. പീഢനത്തിന് വിധേയയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അതേ സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീനാഥിനെ പ്രതി ചേർത്തിരുന്നത്. ഈ ആരോപണം തുടക്കം മുതൽ തന്നെ നിഷേധിച്ച യുവാവ് താൻ നിരപരാധിയാണെന്ന് പലവട്ടം പറഞ്ഞിട്ടും മറ്റാരെയോ രക്ഷിക്കാൻ വേണ്ടി പോലീസ് ശ്രീനാഥിനെ മനപ്പൂർവ്വം കുടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത നിമിഷം മുതൽ പോലീസ് ഈ ചെറുപ്പക്കാരനെ ക്രൂരമായി മർദിക്കുകയും എല്ലാ വിധത്തിലും ഭേദ്യം ചെയ്യുകയുമാണുണ്ടായത്. ഗത്യന്തരമില്ലാതെ യുവാവ് ഡി.എൻ.എ. പരിശോധന നടത്തി തൻ്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയെ സമീപിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയ ഫലം വന്നപ്പോൾ നെഗറ്റീവ് ആണെന്ന് തെളിയുകയും ഉടൻ തന്നെ യുവാവിനെ ജയിൽ മോചിതനാക്കാൻ കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

പോലീസിൻ്റെ മുൻ വിധിയും മാറ്റാരെയൊ രക്ഷിക്കാനുള്ള തത്രപ്പാടുമാണ് ഈ യുവാവിൻ്റെ ജയിൽവാസത്തിനും കുടുംബത്തിന് അപമാനമുണ്ടാക്കാനും കാരണമായിത്തീർന്നത്. പോലീസിൻ്റെ കിരാതമായ ഈ നടപടിയിൽ നഷ്ടമായത് ഒരു ചെറുപ്പക്കാരൻ്റെ ആരോഗ്യവും അഭിമാനവുമാണ്. താല്ക്കാലിക രക്ഷക്കായി നൽകുന്ന മൊഴികൾ വേദവാക്യമായി സ്വീകരിക്കപ്പെടേണ്ടതല്ല എന്ന് നമ്മുടെ ക്രമസമാധന പാലകന്മാർ ഇനി എന്നാണ് മനസ്സിലാക്കുക.

ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് ആപ്തവാക്യമായി സ്വീകരിച്ച ഒരു രാജ്യത്താണ് ഇത്തരം ക്രൂരതകൾ അരങ്ങേറുന്നത് എന്നത് ലജ്ജാകരം തന്നെയല്ലേ? താലിബാൻ ഭീകരരുടെ മാനസിക അവസ്ഥയല്ല കേരള പോലീസിനുണ്ടാകേണ്ടത് എന്ന് തിരിച്ചറിയാനുള്ള സമയം വൈകിയിരിക്കുന്നു.