ബ്രസീലിനെ തകർത്ത് മെസിപ്പട: കോപ്പ അമേരിക്ക കിരീടം അർജന്റീനയ്ക്ക്

0

റിയോ ഡി ജനീറോ: ചരിത്രപ്രസിദ്ധമായ മാറക്കാനയുടെ തിരുമുറ്റത്ത് ചരിത്രം കുറിച്ച് മെസ്സിപ്പട. 22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീനചരിത്ര വിജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

എല്ലാ നേട്ടങ്ങളും വെട്ടിപിടിച്ചെങ്കിലും ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാവാതിരുന്ന മെസ്സിക്ക് സ്വപ്‌ന സാക്ഷാത്‌കാരം കൂടിയായി കോപ്പ അമേരിക്ക കിരീട നേട്ടം. ഗോള്‍കീപ്പര്‍ എമിലിയാനോ മാർട്ടിനെസിന്റെ മികവും വിജയത്തിൽ നിർണായകമായി. അർജന്റൈൻ ഗോൾ മുഖത്ത് ബ്രസീലിയൻ നിര നിരന്തരം അക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ കണ്ടെത്താൻ ബ്രസീലിയൻ നിരയ്ക്കായില്ല.

2004-ലും 2017-ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 1993 ന് ശേഷം അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോർഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യം രാജ്യാന്തര കിരീടമാണ് ഇത്.

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.

അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.