കോവിഡ് വാക്സിനേഷൻ ബ്രിട്ടൻ്റേത് അപരിഷ്കൃതവും അശാസ്ത്രീയവുമായ സമീപനം

0

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ലോകം കൈവരിച്ച നേട്ടമാണ് വാക്സിൻ്റെ കണ്ടുപിടുത്തം. നമ്മുടെ ഇന്ത്യ കോവിഡ് വാക്സിൻ ഉൽപ്പാദനത്തിൽ പ്രശംസനീയമായ മികവാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ലോകത്തിന് തന്നെ ഏറ്റവും വലിയ വാക്സിൻ ദാതാക്കളായി ഇന്ത്യ മാറിത്തീർന്നു എന്നതാണ് യാഥാർത്ഥ്യം. കൊവാക്സിൻ, കോവി ഷീൽഡ് എന്നീ രണ്ട് വാക്സിനുകളാണ് ഇന്ത്യയിൽ നിന്നും ഉല്പാദിപ്പിക്കുന്നത്. ഈ രണ്ടു വാക്സിനുകളും ഇതിനകം തന്നെ ഫലപ്രാപ്തി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ഡോസ് കോവി ഷീൽഡ് വാക്സിൻ എടുത്തവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ മറ്റ് രാജ്യങ്ങളിൽ പ്രവേശനം ലഭിക്കാൻ അനുമതി നൽകുന്നുമുണ്ട്. എന്നാൽ പഴയ സാമ്രാജ്യത്വ ശക്തിയുടെ ഹാങ്ങോവറിലായിരിക്കാം ബ്രിട്ടൻ എന്ന രാജ്യം വാക്സിനേഷൻ ചെയ്ത, രോഗമില്ലാത്തവർക്ക് കൂടി പ്രവേശനം നിഷേധിക്കുന്നു. പരിഷ്കൃത സമുഹത്തിന് അനുയോജ്യമല്ലാത്ത സമീപനമാണ് ബ്രിട്ടൻ സ്വീകരിച്ച് വരുന്നത്.

“ൻ്റുപ്പാപ്പാക്ക് ആനണ്ടാർന്നു ” എന്നുള്ള ധാരണയാണ് അവരെ ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നൊക്കെ ഒരു കാലത്ത് അഹങ്കരിച്ചിരുന്നെങ്കിലും ഇന്ന് ആനയുടെ സ്ഥാനത്ത് പൂടപോലുമില്ലെന്ന സ്വയം തിരിച്ചറിവ് ഇല്ലാതെ പോയത് പരിതാപകരമായ അവസ്ഥ തന്നെയാണ്. ബ്രിട്ടൻ്റെ ഈ അപരിഷ്കൃത സമീപനം പ്രതിഷേധാർഹമാണെന്ന് പറയേണ്ടിയിരിക്കുന്നു. ലോകത്തോടൊപ്പം, ശാസ്ത്ര നേട്ടത്തോടൊപ്പം സഞ്ചരിക്കാൻ ബ്രിട്ടൻ തയ്യാറാവേണ്ടതുണ്ട്.