കടല്‍ത്തീരങ്ങളില്‍ മനുഷ്യമാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയകളുടെ സാന്നിധ്യം; ഭീതിയോടെ ശാസ്ത്രലോകം

0

ന്യൂജേഴ്സി: മനുഷ്യ മാംസം ഭക്ഷിക്കുന്ന ബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ ടല്‍ത്തീരങ്ങളില്‍ സജീവമാകുന്നു.ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിലേക്ക് സജീവമാകുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്. വളരെ അപൂര്‍വമായി കാണുന്ന ഇത്തരം ബാക്ടീരിയകള്‍ ആഗോളതാപനം മൂലം സമുദ്രജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് തീരങ്ങളോട് അടുക്കുന്നതെന്നും ഗവേഷകരുടെ വിലയിരുത്തൽ.

ഡെലവെയറിനും ന്യൂജേഴ്‌സിക്കുമിടയിലുള്ള പ്രദേശങ്ങളിലെ കടല്‍ വെള്ളത്തിലും മല്‍സ്യത്തിലുമാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ അഞ്ചു പേരിലാണ് ആദ്യമായി ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതിനെതുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് മനുഷ്യ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

അമേരിക്കയില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണത്തിലുണ്ടായ വര്‍ധനവിനു പിന്നാലെയാണ് ഗവേഷകര്‍ ഇതിനു കാരണം തേടിത്തുടങ്ങിയത്. 2017 ന് മുമ്പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്നാണ് ന്യൂജേഴ്‌സിയിലെ കൂപ്പര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വിശദമാക്കുന്നത്.

ചൂട് കൂടിയ ജലത്തിലാണ് ഇവയുടെ സാന്നിധ്യം സാധാരണ ഗതിയില്‍ കാണാറുള്ളത്. അതും വളരെ അപൂര്‍വ്വമായാണ്. മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ള ഇടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാല്‍, ഇന്ന് കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ഇവ അകത്തേക്ക് പ്രവേശിക്കുന്നത്.

ഉപ്പുരസമേറിയ കടലിൽ അല്ലെങ്കിൽ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളിൽ കാണുന്ന ഇവ വെള്ളത്തിലേക്കിറങ്ങുമ്പോൾ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ശരീരത്തിന് അകത്തെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണ് ബാക്ടീരിയ പ്രവര്‍ത്തനം തുടങ്ങുക. വളരെ പെട്ടെന്ന് അതു വലുതാകും പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും. ചികിത്സ തേടിയാൽ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ബാക്ടീരിയ അടങ്ങിയ മാംസ്യം കഴിക്കുന്നതും ബാക്ടീരിയയുള്ള വെള്ളത്തില്‍ നേരിട്ട് സമ്പര്‍ക്കം നടത്തുന്നതും മനുഷ്യ ശരീരത്തില്‍ ഇവ പ്രവേശിക്കുന്നതിന് കാരണമാകുന്നു. പ്രത്യക്ഷത്തില്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാവുന്നില്ലയെന്നത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തില്‍ ബാക്ടീരിയ പ്രവേശിക്കുന്നതോടെ രക്ത സംബന്ധമായ അസുഖങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ, ശരീരകോശങ്ങളെ നശിപ്പിക്കുന്ന ഇവ മരണത്തിനും കാരണമാകുന്നു.