ഫെബ്രവരികണ്ട ചില ഉത്സവ കാഴ്ച്ചകൾ …

0

വൈവിധ്യം കൊണ്ട് ലോക ശ്രദ്ധ നേടിയ നാടാണ് കേരളം. നാനാജാതി മതസ്ഥർക്ക് ഒന്നിച്ച് ഒറ്റകെട്ടായി നിന്നു ഒരുമയോടെകാണാൻ ഒട്ടനവധി ഉത്സവങ്ങളുമുണ്ട് ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ. തുലാം പത്തുമുതൽ ഇടവപാതിവരെ കേരളത്തിൽ പ്രത്യേകിച്ച്‌ വടക്കൻ കേരളത്തിൽ തെയ്യക്കാലമാണ്. കടത്തനാടും കോലത്തുനാട്‌മെല്ലാം ചുവന്ന തെയ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും മണ്ണാകും ഈ ഉത്സവകാലത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എണ്ണിയാൽ ഒടുങ്ങാത്തത്രയും ആഘോഷങ്ങളുണ്ട് ഈ ഉത്സവകാലത്ത്. അതി ഈ ഫെബ്രവരിൽ അരങ്ങേറിയ ചില പരമ്പരാഗത ഉത്തവകാഴ്ചകളിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം…

കിടങ്ങൂർ ബാലാലസുബ്രമണ്യ സ്വാമീ ക്ഷേത്രത്തിലെ ഉത്സവം, ചോറ്റാനിക്കര ഉത്സവം, ഏറ്റുമാനൂർ ഉത്സവം, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം, ചിന്നക്കത്തൂർ പൂരം,പരിയാനം പേട്ട പൂരം, ഗുരുവായൂർ ആനയോട്ടം, മണ്ണാർക്കാട് പൂരം മച്ചാട്ട് മാമാങ്കം, കുറ്റിക്കോൽ തമ്പുരാട്ടി തെയ്യം, വേങ്ങേരി അഴിമുറി തിറ, ആറ്റുകാൽ പൊങ്കാല ഇവയൊക്കെയാണ് ഫെബ്രവരി മാസത്തിലെ പ്രധാന ഉത്സവാഘോഷങ്ങൾ. ഇവയിൽ തന്നെ പൂരകാഴ്ച്ചകളും,തെയ്യ കാഴ്ച്ചകളും, പരമ്പരാഗത ഉത്സവ രീതികളും ഉണ്ട്.

ഗുരുവായൂർ ആനയോട്ടം, മച്ചാട്ട് മാമാങ്കം, ചിന്നക്കത്തൂർ പൂരം, ആറ്റുകാൽ പൊങ്കാല ഇവയെല്ലാം ഫെബ്രവരിയിലെ ചില ചില പരമ്പരാഗത ഉത്സവാഘോഷങ്ങളാണ്.

മച്ചാട്ടു മാമാങ്കം

വടക്കാഞ്ചേരിക്കടുത്ത് മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് മച്ചാട്ടു മാമാങ്കം നടക്കുന്നത്. ഉത്സവത്തിന്റെ അവസാനദിവസം അലങ്കരിച്ച കുതിരക്കോലങ്ങൾ എഴുന്നളിക്കുന്നു എന്നതാണ് ഈ മാമാങ്കത്തിന്റെ ഏറ്റവും വല്യ പ്രത്യേകത. കുതിരവേലയും ചെണ്ടമേളവും ഈ ആഘോഷത്തിന് മാമാങ്ക പൊലിമ കൈവരുന്നത്. മച്ചാട്ടു മാമാങ്കം ഉത്സവത്തിന്റെ പ്രധാനയിനം അവസാന ദിവസത്തെ ഘോഷയാത്രയാണ്. ഭക്തജനങ്ങള്‍ ക്ഷേത്രത്തിനു കാഴ്ച വെയ്ക്കുന്ന അലങ്കരിക്കപ്പെട്ട കുതിരക്കോലങ്ങളാണ് ഇതിലെ ആകര്‍ഷകയിനം.

അഞ്ചുദിവസവും രാത്രിയില്‍ ശ്രീരാമപട്ടാഭിഷേകം തോല്‍പ്പാവക്കൂത്ത് കൂത്തുമാടത്തില്‍ അരങ്ങേറുന്നു. വേലകഴിഞ്ഞാണ് ഇവിടെ തോല്‍പ്പാവക്കൂത്ത് നടത്തുന്നത് എന്നതും ഒരു പ്രത്യേകതയാണ്. ഇവിടുത്തെ പറയെടുപ്പും മറ്റുള്ള ക്ഷേത്രങ്ങളിലെ പറയെടുപ്പുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.എല്ലാവർഷവും ഫെബ്രവരി 23 നാണു തിരുവാണിക്കാവ് ക്ഷേത്രത്തിൽ വെച്ച് മാമാങ്കം അരങ്ങേറാറുള്ളത്.

ചിനക്കത്തൂര്‍ പൂരം

മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന പാലക്കാട് ഒറ്റപ്പാലത്തിനടുത്തുള്ള പാലപ്പുറം ദേശത്തെ ചിനക്കത്തൂർ ഭഗവതിക്ഷേത്രത്തിൽ വെച്ചാണ് ചിനക്കത്തൂര്‍ പൂരം കൊടിയേറുന്നത്. കുംഭമാസത്തില്‍ അരങ്ങേറുന്ന ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണം കുതിരക്കോലങ്ങള്‍, കുംഭക്കളി, കാവടി, കരിവേഷങ്ങള്‍ തുടങ്ങിവയാണ്. കുംഭമാസത്തിലാണ് ഇവിടെ പൂരം.

ഗജവീരന്‍മാര്‍ക്കൊപ്പം കുതിരക്കോലങ്ങളും ചിനക്കത്തൂരിലെ കാഴ്ചയാണ്. കുംഭക്കളി, കാവടി, കരിവേഷങ്ങള്‍, വണ്ടിവേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങളും പൂരപ്പറമ്പിലേക്ക് എത്തും. ഇംഗ്ലീഷ് മാസം ഫെബ്രവരി 22നാണു ചിനക്കത്തൂര്‍ പൂരം കൊടിയേറുന്നത്.

ഗുരുവായൂര്‍ ആനയോട്ടം

ഗുരുവായൂര്‍ ക്ഷേത്രത്തിലെഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.ഗുരുവായൂര്‍ അമ്പലത്തില്‍ ആനയില്ലാതിരുന്ന കാലത്ത് എഴുന്നള്ളിപ്പിനായി മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു തവണ ആനയെ കൊണ്ടുവരാൻ പറ്റിയില്ല അത്തവണ തൃക്കണാമതിലകം ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആനകള്‍ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ ശീവേലിയെ അനുസ്മരിപ്പിക്കുന്നതാണ് ഉത്സവാരംഭദിവസത്തെ ആനയില്ലാ ശീവേലി. രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പന്റെ സ്വർണ്ണതിടന്പ് കൈയിലെടുത്ത് നടന്നാണ് മൂന്നു പ്രദക്ഷിണം വെയ്ക്കുക. അന്നേ ദിവസം ആനയോട്ടം കഴിയുന്നതുവരെ ആനകൾ ക്ഷേത്രപരിസരത്ത് വരരുത് എന്നാണ് വ്യവസ്ഥ. പുന്നത്തൂർ കോട്ടയിലെ ആനകളിൽ നിന്നും അക്രമസ്വഭാവമില്ലാത്തതുമായ തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക.

തിരഞ്ഞെടുക്കപ്പെട്ട ആനകളിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടാൻവേണ്ടി നറുക്കിട്ട് തീരുമാനിക്കും. പങ്കെടുക്കുന്ന ആനകളെ കുളിപ്പിച്ച് തയ്യാറാക്കി രണ്ടരയോടെ മഞ്ജുളാലിന്റെ അടുത്ത് അണിനിരത്തും. മൂന്നുമണിയോടെ ആനയോട്ട ചടങ്ങുകൾ ആരംഭിക്കും.ക്ഷേത്രം മാരാർ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. മുന്നിലെത്തുന്ന മൂന്നാനകളെ മാത്രമേ ക്ഷേത്രമതിലകത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകൾ ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെ ആനയോട്ടചടങ്ങുകൾ പൂർത്തിയാകും. വിജയിക്കുന്ന ആനയ്ക്ക് ഉത്സവം കഴിയുന്ന വരെ പ്രത്യേക പരിഗണന ലഭിക്കും. എല്ലാവർഷവും ഫെബ്രവരി 20 നാണ് ആനയോട്ട മത്സരം നടക്കാറ്.

ആറ്റുകാല്‍ പൊങ്കാല

തിരുവനതപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആണിത്.മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. . പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്.

പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. കിഴക്കേക്കോട്ടയ്ക്കു സമീപം പുരാതനമായ ക്ഷേത്രമാണ് ആറ്റുകാല്‍.

കണ്ണകിയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രോത്പത്തിയുടെ ഐതിഹ്യം. ഭര്‍ത്താവ് കോവലന്റെ മരണത്തിനുശേഷം മധുരാനഗരി കോപാഗ്നിയാല്‍ ചുട്ടെരിച്ച കണ്ണകി കേരളത്തിലേക്ക് മടങ്ങി. ബാലികാരൂപത്തിലെത്തിയ അവര്‍ക്ക് ആറ്റുകാലിലെ ഒരു തറവാട് അഭയം നല്‍കി. പിന്നീട് കണ്ട ദേവീസാരൂപ്യമാണത്രെ ക്ഷേത്രമായി പരിണമിച്ചത്. കുംഭത്തിലെ കാര്‍ത്തികനാളില്‍ ദേവിയെ കുടിയിരുത്തുന്ന ചടങ്ങോടെ പൊങ്കാല ഉത്സവം ആരംഭിക്കും. ഒന്‍പതാംനാള്‍ പൊങ്കാല. അഞ്ചുകിലോമീറ്ററിലധികം സ്ഥലത്ത് വ്യാപിച്ചാണ് പൊങ്കാലയിടുന്നത്