സൗദി അറേബ്യയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

0

റിയാദ്: കുവൈത്തിൽ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. ഫോർഡ് കാർ പൂർണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്. റിയാദ് ട്രാഫിക് പൊലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചതാണ് ഈ വിവരം.

ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമൻ ആരാണെന്ന് അറിവായിട്ടില്ല. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങൾ ലഭ്യമല്ല. കുവൈത്തിൽ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ വന്നതാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ നിന്നോ കുവൈത്തിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണം.

ഇതിനിടയിൽ വാർത്തകൾ കണ്ടിട്ട് അൽഖർജിൽനിന്ന് ഒരാൾ സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് അവിടെയുള്ള ഒരു ആന്ധ്ര സ്വദേശിയുടെ അയൽവാസികളാണ് അപകടത്തിൽപെട്ട കുടുംബം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവം അറിഞ്ഞതിനെ തുടർന്നുള്ള മാനസികാഘാതത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ആ ആന്ധ്ര സ്വദേശിക്ക് കഴിഞ്ഞിട്ടില്ല.