മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 3)

2

2001 ൽ റിലീസായ കമലിന്റെ ‘മേഘമൽഹാർ’ പ്രണയത്തെ വേറിട്ട കോണിൽ ചർച്ച ചെയ്ത ഒരു സിനിമയായിരുന്നു. വിവാഹിതരുടെ പ്രണയബന്ധങ്ങളെ അവിഹിതബന്ധമെന്നോളം ചിത്രീകരിക്കാൻ വെമ്പുന്ന ഒരു സമൂഹത്തിൽ ഈ സിനിമ അർഹിക്കപ്പെട്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടോ എന്ന് സംശയമാണ്. രാജീവനും നന്ദിതയും രണ്ടു കുടുംബങ്ങളുടെ വക്താക്കൾ ആണ്. യാദൃശ്ചികമായുള്ള അവരുടെ കണ്ടുമുട്ടലും തടുർന്നുള്ള ആശയവിനിമയങ്ങളും പ്രണയം നുകരാൻ കൊതിക്കുന്നവരുടെ മാനസിക തലത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. പക്ഷെ അവർക്കിടയിൽ ശക്തമായൊരു ബന്ധം രൂപപ്പെടുന്നതായി കാണിക്കുന്നുമുണ്ട് സിനിമയിൽ. ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട കഥ പറയുമ്പോൾ മാത്രമാണ് നന്ദിത രാജീവനെ തിരിച്ചറിയുന്നത് . അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക ബന്ധത്തെ പ്രണയമെന്നു വിളിക്കാമോ എന്ന് സംശയിപ്പിക്കുമ്പോൾ തന്നെ ആ ബന്ധത്തിന്റെ യഥാർത്ഥ തലത്തെ അന്വേഷിച്ചറിയാൻ കൂടി നിർബന്ധിതരാകുകയാണ് പ്രേക്ഷകർ. 2011 ലിറങ്ങിയ ബ്ലെസ്സിയുടെ ‘പ്രണയ’ മായിരുന്നു പ്രണയത്തെ വേറിട്ട തലത്തിൽ ചർച്ച ചെയ്ത മറ്റൊരു പ്രധാന സിനിമ.

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 1)

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 2)

സമീപകാല മലയാള സിനിമകളിലെ പ്രണയം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മകളിൽ ആദ്യം ഓടിയെത്തുന്ന സിനിമ RS വിമലിന്റെ സംവിധാനത്തിൽ 2015 ൽ റിലീസായ ‘എന്ന് നിന്റെ മൊയ്തീ’ നാണ്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ – കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും പരാജയവും അത് തന്നെയായിരുന്നു. ഇതേ കാലത്തിറങ്ങിയ സച്ചിയുടെ ‘അനാർക്കലി’ യിൽ ശന്തനു- നാദിറ പ്രണയവും കാത്തിരിപ്പുമെല്ലാം മനോഹരമായി ചിത്രീകരിച്ചു കാണാം. പ്രണയ സിനിമകളിലെ സ്ഥിരം വില്ലനായി അച്ഛൻ വേഷം അനാർക്കലിയിലും കാണാമെങ്കിലും നാദിറയും ശന്തനുവും ആ എതിർപ്പുകളെയും തടസ്സങ്ങളെയും നേരിടുന്ന രീതി വ്യത്യസ്തമായിരുന്നു. ഒളിച്ചോട്ടമെന്ന ആശയം പിൻപറ്റാതെ തന്നെ പ്രണയ സാക്ഷാത്ക്കാരത്തിനായി കാത്തിരുപ്പ് തുടരുന്ന ചുരുക്കം സിനിമകളിൽ ഒന്ന് കൂടിയാണ് അനാർക്കലി.

പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 2013 ലിറങ്ങിയ രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും ആ സിനിമയിൽ കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങളും ചുറ്റുപാടുകളുടെ രാഷ്ട്രീയവുമൊക്കെ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക മാത്രമാണ് ആ സിനിമ ചെയ്യുന്നത്. 2015 ലെ സൂപ്പർ ഹിറ്റ് പണം വാരി സിനിമയായ ‘പ്രേമം’ പേര് കൊണ്ടും പ്രമേയം കൊണ്ടും നായകൻറെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തെ സൂചിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി അതൊരു പ്രണയ സിനിമ അല്ലായിരുന്നു എന്നോർക്കണം. യുവാക്കളുടെ ജീവിതത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളിലെ സൌഹൃദ ബന്ധങ്ങളെയും പ്രണയത്തെയും മറ്റു സംഭവങ്ങളെയുമെല്ലാം ഗൃഹാതുരതയുണർത്തും വിധം രസകരമായി അവതരിപ്പിക്കുന്നു എന്നതിനപ്പുറത്തേക്ക് ഹൃദ്യമായൊരു പ്രണയ സങ്കൽപ്പമൊന്നും സമ്മാനിക്കാൻ ആ സിനിമ ശ്രമിക്കുന്നുമില്ല.

പ്രണയത്തിന്റെയും കാത്തിരുപ്പിന്റെയുമൊക്കെ തീവ്രത ഏറ്റവും നന്നായി അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേ ബാലു മഹേന്ദ്രയുടെ ‘യാത്ര’ യും പ്രിയദർശന്റെ ‘കാലാപനി’യും, സിബി മലയിലിന്റെ ‘ദേവദൂത’ നുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതുമൊക്കെ അവർക്കിടയിലുണ്ടായിരുന്ന പ്രണയത്തിന്റെ ആഴവും തീവ്രതയും അത്ര കണ്ടു ബോധ്യപ്പെടുത്തി തരുന്നതായിരുന്നു. ഇനിയും അത് പോലെ വേറിട്ട അവതരണങ്ങളിലൂടെയും പുതുമയുള്ള കഥകളിലൂടെയുമൊക്കെ പ്രണയത്തിന്റെ ‘മുന്തിരിവള്ളികൾ’ മലയാള സിനിമാ ലോകത്തു എന്നുമെന്നും തളിരിടുകയും പടർന്നു പന്തലിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ പ്രേക്ഷകർക്ക് കാത്തിരിക്കാം .