മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 1)

1

പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു. സാംസ്ക്കാരിക സദാചാര സമ്പന്നതയിൽ അമിതാഭിമാനം പുൽകി കൊണ്ട് പ്രണയത്തെ അയിത്ത ചിന്താഗതിയോടെ നോക്കി കണ്ടിരുന്ന ആ ഒരു കാലത്തു പോലും അഭ്രപാളികളിലെ പ്രണയങ്ങൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രണയത്തെ സാമൂഹികവത്ക്കരിക്കാനും സ്വീകാര്യത നേടി കൊടുക്കാനുമൊക്കെ പ്രണയ സിനിമകൾ പലപ്പോഴും കമിതാക്കൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്തു. അത് കൊണ്ടൊക്കെ തന്നെയാകാം മലയാളമടക്കമുള്ള ഭാഷാ സിനിമകളിലെല്ലാം നിരന്തരമായി പ്രണയം പ്രമേയവത്ക്കരിക്കപ്പെട്ടു കൊണ്ടിരുന്നു. പൂർണ്ണമായും പ്രണയ സിനിമകളെന്നു വിളിക്കാനാകാത്ത സിനിമകളിൽ പോലും പ്രണയം ഒരു മുഖ്യ ഘടകമായി അല്ലെങ്കിൽ ഒഴിച്ച് കൂട്ടാനാകാത്ത വിധം കൂട്ടിയിണക്കാൻ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ കാര്യങ്ങൾ വച്ച് പറയുമ്പോൾ മലയാള സിനിമയുടെ തന്നെ ചരിത്രം തുടങ്ങുന്ന ‘വിഗതകുമാരനി’ ൽ പോലും ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. 1930 ലിറങ്ങിയ മലയാളത്തിന്റെ ആദ്യ സിനിമയും നിശബ്ദ സിനിമയുമൊക്കെയായിരുന്ന ‘വിഗതകുമാര’ന്റെ പിന്നിലെ കഥ 2013 ൽ ഇറങ്ങിയ കമലിന്റെ ‘സെല്ലൂലോയ്ഡി’ ൽ വളരെ വിശദമായി പറയുന്നുണ്ട്. പക്ഷേ ‘വിഗതകുമാര’ നെന്ന സിനിമയെയോ അതിലെ പ്രണയത്തെയോ അല്ല ‘സെല്ലൂലോയ്ഡ്’ പ്രമേയവത്ക്കരിച്ചത് എന്നത് കൊണ്ട് തന്നെ അതേ കുറിച്ചൊന്നും പരാമർശിക്കേണ്ട ബാധ്യതയും ആ സിനിമക്കില്ലായിരുന്നു. ജെ.സി ദാനിയേലിന്റെ ‘വിഗതകുമാരൻ’ അടിസ്ഥാനപരമായി ഒരു പ്രണയ സിനിമ അല്ലെങ്കിൽ കൂടിയും നായക കഥാപാത്രമായ ചന്ദ്രകുമാറിന്റെ സഹോദരി സരോജവും അയാളുടെ അകന്ന ബന്ധുവും സുഹൃത്തുമായ ജയചന്ദ്രനും തമ്മിലുള്ള പ്രണയം ആ സിനിമയിലെ ഒരു പ്രധാന ഘടകം തന്നെയായിരുന്നു. മലയാള സിനിമയിലെ ആദ്യ പ്രണയവും അവരുടേത് തന്നെ.

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 2)

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 3)

പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയ കഥ പറഞ്ഞ ‘ചെമ്മീൻ’, സലിം രാജകുമാരന്റെയും അനാർക്കലിയുടെയും പ്രണയ കഥ പറഞ്ഞ ‘അനാർക്കലി’, രമണന്റെയും ചന്ദ്രികയുടെയും പ്രണയകഥ പറഞ്ഞ ‘രമണൻ’, മജീദിന്റെയും സുഹ്റയുടെയും പ്രണയകഥ പറഞ്ഞ ‘ബാല്യകാലസഖി’ etc .. ഒക്കെയായിരുന്നു 1960 കളിലെ ശ്രദ്ധേയമായ മലയാള പ്രണയ സിനിമകൾ. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയും ചങ്ങമ്പുഴയുടെ രമണനുമൊക്കെ ഇന്നും വിഷാദ രൂപങ്ങളായി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലുണ്ട്. ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ആ കാലത്തെ പല കാമുകന്മാരും പരീക്കുട്ടിയുടെയും രമണന്റെയും ഓർമ്മകളിൽ സ്വയം എരിഞ്ഞടങ്ങി. നസീർ-ഷീല ജോഡികളുടെ ശുഭപര്യവസാനമുള്ള പ്രണയ സിനിമകളുടെ നിർമ്മാണം ആരംഭിക്കുന്നതും ഇതേ കാലയളവിൽ തന്നെയായിരുന്നു.

നിത്യഹരിതനായകനായി പ്രേം നസീർ അരങ്ങു തകർക്കുമ്പോഴും റൊമാന്റിക് സിനിമാ സങ്കൽപ്പങ്ങൾക്ക് പുതുമ നൽകി കൊണ്ട് നവ സിനിമാ നിർമ്മാണങ്ങളും നടന്നിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. വേണുനാഗവള്ളി നായകനായി 1979 ൽ റിലീസ് ചെയ്ത ‘ഉൾക്കടൽ’ പ്രമേയപരമായും അവതരണ ശൈലിയിലും അന്നത്തെ പ്രണയ സിനിമകളെ കവച്ചു വക്കുന്നതായിരുന്നു. മൂന്നു കാലഘട്ടങ്ങളിലായി മൂന്നു സ്ത്രീകളോട് തോന്നിയ മൂന്നു പ്രണയങ്ങളിലൂടെ രാഹുലൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെയും ചുറ്റുപാടുകളെയുമാണ് ആ സിനിമ അനാവരണം ചെയ്യുന്നത്. ഒരു വിഷാദ കാമുകന്റെ മുഖഛായയുള്ള കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ അക്കാലത്തു അവതരിപ്പിച്ച ഒരു നടനും കൂടിയായിരുന്നു വേണു നാഗവള്ളി. സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള ഒരു പ്രണയ കഥ പറഞ്ഞപ്പോഴും കമൽ ഹാസനും സറീന വഹാബും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മദനോത്സവം’ അതിലെ ഗാനങ്ങൾ കൊണ്ടും താരങ്ങളുടെ പ്രകടനങ്ങൾ കൊണ്ടും മികച്ചു നിന്നു. രാജുവും എലിസബത്തും തമ്മിലുള്ള പ്രണയത്തെക്കാൾ കൂടുതൽ അവർക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വിരഹത്തിന്റെ വേദനയായിരുന്നു ആ സിനിമ പ്രേക്ഷകന്റെ നെഞ്ചിലേക്ക് കനലായി ചൊരിഞ്ഞത്.

1975 ലാണ് ഭരതനും പത്മരാജനുമൊക്കെ മലയാള സിനിമാ ലോകത്ത് അവതരിക്കുന്നത്. യാഥാസ്ഥിതികരായ മലയാളികളെ ഞെട്ടിച്ചു കൊണ്ടാണ് ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ 1975 ൽ ‘പ്രയാണം’ കൈയ്യടി വാങ്ങിയത് എന്നോർക്കണം. അറുപതുകാരനായ ബ്രാഹ്മിണ പൂജാരി തന്റെ മകളേക്കാൾ ചെറുപ്പമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും അവൾ തൊട്ടടുത്തുള്ള മറ്റൊരു ചെറുപ്പക്കാരനുമായി അടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രണയവും ലൈംഗികതയുമൊക്കെ അശ്ലീലതയിലേക്ക് പോകാതെ കഥാപാത്രങ്ങളുടെ മാനസിക വ്യപാരങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ചു കാണിക്കുകയാണ് ഭരതൻ എന്ന പ്രതിഭാധനനായ സംവിധായകൻ ആ സിനിമയിൽ ചെയ്തത്. പത്മരാജൻ-ഭരതൻ കൂട്ട് കെട്ടിലാണ് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത്. കൗമാര ലൈംഗിക സ്വപ്നങ്ങളെയും പ്രണയത്തെയും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ സിനിമയായിരുന്നു 1978 ലിറങ്ങിയ ‘രതിനിർവ്വേദം’. ബുദ്ധി സ്ഥിരതയില്ലാത്ത ചെറുപ്പക്കാരന്റെ പ്രണയവും അയാളോടുള്ള സമൂഹത്തിന്റെ നിലപാടുകളുമെല്ലാം വരച്ചു കാണിക്കുന്നതായിരുന്നു 1980 ലിറങ്ങിയ ‘തകര’. വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ ‘ചാമരം’, സ്ക്കൂൾ ഹെഡ് മാസ്റ്ററും വിവാഹിതയായ സംഗീത അധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ ‘മർമ്മരം’ അങ്ങിനെ പോകുന്നു ആ കാലഘട്ടത്തിലെ മറ്റു ചില ഭരതൻ സിനിമകൾ.

(തുടരും)