ലോകം വന്‍ ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.

0

ലോകത്തു ഒരു വന്‍ ഭൂകമ്പമുണ്ടാകാമെന്നു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. കൊളറാഡോ സര്‍വ്വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടുകള്‍ ആണ് ഇക്കാര്യം  സൂചിപ്പിക്കുന്നത് . റിക്ടര്‍ സ്‌കെയിലില്‍ എട്ടിലേറെ തീവ്രതയുള്ള നാലു ഭൂകമ്പങ്ങള്‍ക്കാണ് സാധ്യത എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .

ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി ശക്തിയേറിയ അഞ്ച് ഭൂചലനങ്ങളാണ് കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. ശാന്തസമുദ്രത്തിലും ഹിന്ദുക്കുഷ് മേഖലയിലും ഭൗമാന്തര്‍ഭാഗത്തെ ഫലകങ്ങള്‍ക്കുണ്ടായ സ്ഥാനചലനമാണ് തുടരെത്തുടരെയുണ്ടായ്‌ക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. ഒരാഴ്ച മുമ്പ് ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.8 ആണു രേഖപ്പെടുത്തിയത്. ഇതിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എത്തി. ജപ്പാന്‍, ഇക്വഡോര്‍, ടോംഗ എന്നിവിടങ്ങളിലും ഒന്നിലേറെ ഭൂചലനങ്ങള്‍ ഉണ്ടായി. ഇക്വഡോര്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.8 ആണു രേഖപ്പെടുത്തിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഫിലിപ്പീന്‍സ്, മ്യാന്‍മര്‍,ജപ്പാന്‍  എന്നിവിടങ്ങളിലും ചെറു ഭൂചലനങ്ങള്‍ ഉണ്ടായി. പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ പോലും മാറ്റങ്ങളുണ്ടാക്കിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇന്ത്യ-യൂറേഷ്യന്‍ പ്‌ളേറ്റുകള്‍ തമ്മിലുണ്ടായ കൂട്ടിമുട്ടല്‍ മൂലം ഇസ്ലാമാബാദ് ഉള്‍പ്പടെയുള്ള മേഖലകള്‍ കാലക്രമേണ ഉയരാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.പ്രതിവര്‍ഷം 1.5 ഇഞ്ച് എന്ന കണക്കില്‍ ഇന്ത്യ-യൂറേഷ്യന്‍ പ്‌ളേറ്റുകള്‍ അടുക്കുകയാണെന്നാണ് നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ വിലയിരുത്തല്‍.