ഡിജിറ്റല്‍ ഡാറ്റാ സംഭരണത്തിന് കൃത്രിമ ഡിഎന്‍എ യെ കൂട്ടുപിടിച്ച് മൈക്രോസോഫ്റ്റ്

0

ഡിജിറ്റല്‍ ഡാറ്റാ സംഭരണത്തിനായി ജീവശാസ്ത്രത്തെ കൂട്ടുപിടിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. കൃത്രിമ ഡിഎന്‍എകള്‍ ഡാറ്റാ സംഭരണ ഉപാധിയായി ഉപയോഗിക്കുക എന്നതാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം.  സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമാക്കിയ ട്വിസ്റ്റ് ബയോസയന്‍സ് എന്ന ബയോടെക് കമ്പനിയുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനകം തന്നെ പത്ത് മില്യണ്‍ കൃത്രിമ ഡിഎന്‍എ തന്തുക്കള്‍ നിര്‍മ്മിക്കുവാനായി കമ്പനിയുമായി കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. സംഭരണത്തിനായുള്ള ഡാറ്റ ഡിജിറ്റല്‍ രൂപത്തില്‍ മൈക്രോസോഫ്റ്റ് ബയോടെക് കമ്പനിക്കു കൈമാറും. കൃത്രിമ ജൈവസാങ്കേതിക വിദ്യയാല്‍ നിര്‍മ്മിച്ചെടുക്കുന്ന ഡിഎന്‍എയില്‍ ഈ ഡാറ്റ സംഭരിച്ചു വെച്ച് മൈക്രോസോഫ്റ്റിനു തിരികെ നല്‍കും

പ്രകൃതിയിലെ ഏറ്റവും മികച്ച വിവര സംഭരണ സംവിധാനമാണ് ഡിഎന്‍എ.ജീവജാലങ്ങളുടെ ഘടനയും വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ജനിതക വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ന്യൂക്ലിയിക് അമ്ലമാണ് ഡിഎന്‍എ. അവിശ്വസനീയമാം വിധം ചെറുതും സാന്ദ്രതയുള്ളതും കോടിക്കണക്കിന് ജീവശാസ്ത്രപരമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്നതുമായ ഒരു ജീവകണമാണിത്.

ഒരു ഗ്രാം ഡിഎന്‍എ തന്മാത്രകള്‍ക്ക് ഒരു ട്രില്യണ്‍ ഗിഗാബൈറ്റ് സംഭരണ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിനകം തന്നെ വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃത്രിമ ഡിഎന്‍എ നിര്‍മ്മിച്ച് അവയില്‍ ചിത്രങ്ങള്‍ സംഭരിക്കുകയും പിന്നീടവയെ100% കൃത്യതയോടെ  വായിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഒരു ദീര്‍ഘകാല സുരക്ഷിത സംഭരണ സംവിധാനമെന്ന നിലയില്‍ കൃത്രിമ ഡിഎന്‍എകള്‍ ഫലപ്രദമാവുകയാണെങ്കില്‍ ഡിജിറ്റല്‍ സംഭരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അതു തുടക്കമിടും