ആരാണ് നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്?

0

കേരളത്തില്‍ കാര്‍ കച്ചവടം നടത്താന്‍ ജര്‍മ്മനിയില്‍ നിന്ന് ബി എം ഡബ്ല്യുവും ജപ്പാനില്‍ നിന്ന് ടൊയോട്ടയും വരുന്നതുപോലെ കേരളത്തില്‍ മോഷണം നടത്താന്‍ വടക്കേ ഇന്ത്യയില്‍ നിന്നും ഭിക്ഷാടനം നടത്താന്‍ മറുനാടുകളില്‍ നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമാണ്. മുരളി തുമ്മാരുകുടിയുടെ ലേഖനം.

“ഭിക്ഷാടനസംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് കേരളത്തില്‍ സാധാരണയാകുന്നു. മുരളിച്ചേട്ടന്‍ ഇതേപ്പറ്റിയൊന്ന് എഴുതണം”
എനിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പത്ത് മെസ്സേജെങ്കിലും കിട്ടി. ഇതില്‍ കേരളത്തിലുള്ളവരും പുറത്തുള്ളവരും കുട്ടികളുള്ളവരും കുട്ടികളില്ലാത്തവരും വരെയുണ്ടായിരുന്നു.
അതോടെ കേരളത്തില്‍ ഒന്നോ അധികമോ വാട്സ് ആപ്പ് മെസേജുകളായി ഭീതി പരത്തുന്ന ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നുണ്ടാകണം എന്ന് ഞാന്‍ മനസിലാക്കി.
രണ്ടു തെറ്റിദ്ധാരണകളില്‍ നിന്നാണ് ഇതേപ്പറ്റി എഴുതാന്‍ ആളുകള്‍ എന്നോട് ആവശ്യപ്പെടുന്നത്.
1. കേരളത്തിലെ കുട്ടികളെ തട്ടിയെടുക്കുന്ന സംഭവം വ്യാപകമായി ഉണ്ടാകുന്നു എന്ന തോന്നല്‍. കഴിഞ്ഞ വര്‍ഷങ്ങളിലെയോ കഴിഞ്ഞ മാസത്തെയോ കണക്കെടുത്തു നോക്കിയാല്‍ ഇക്കാര്യത്തില്‍ അടുത്തയിടെ ഒരു വര്‍ധനയും കാണാനില്ല. കഴിഞ്ഞ ദിവസം കണ്ട ‘കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു’ എന്ന വാര്‍ത്തയിലെ പ്രതി മലയാളി തന്നെയാണ്. അതും ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ആളല്ല, വിദ്യാഭ്യാസമുള്ള ജോലിയുള്ള ഒരാളാണ്. അപ്പോള്‍ നമ്മുടെ കുട്ടികളെ ഭിക്ഷാടനത്തിനായി വ്യാപകമായി തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന് കണക്കിന്റെ അടിസ്ഥാനത്തില്‍ വാസ്തവമില്ല. ഇക്കാര്യം പുറത്തുവിട്ട് പൊലീസിന് എളുപ്പത്തില്‍ ആളുകളുടെ ആശങ്ക അകറ്റാവുന്നതേയുള്ളു.
2. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ അതുകണ്ട് വേണ്ടപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും എന്ന വിശ്വാസം. ഇത് പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പബ്ലിക് പോളിസിയെക്കുറിച്ച് എഴുതാന്‍ തുടങ്ങിയിട്ട്. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ, ചീഫ് സെക്രട്ടറി മുതല്‍ വില്ലേജ് ഓഫിസര്‍ വരെയുള്ളവര്‍ ഞാനെഴുതുന്നത് വല്ലപ്പോഴുമോ സ്ഥിരമായോ വായിക്കുന്നുണ്ട് എന്നും എനിക്കറിയാം. എന്നാല്‍ ഞാനെഴുതിയ കാര്യങ്ങള്‍ ഒരു പഞ്ചായത്തിലെങ്കിലും ചര്‍ച്ചയായതായോ പൊതുനയം രൂപീകരിക്കാന്‍ ഉപയോഗിച്ചതായോ എനിക്ക് യാതൊരറിവുമില്ല. എന്റെ എഴുത്തുകള്‍ അത് വായിക്കുന്ന വ്യക്തികളെ സ്വാധീനിക്കുമെന്നും അവരുടെ വ്യക്തിജീവിതത്തിലെങ്കിലും അതിലെ പാഠങ്ങള്‍ പകര്‍ത്താന്‍ ശ്രദ്ധിക്കും എന്നുമാണ് എന്റെ വിശ്വാസം. ആ പ്രതീക്ഷയിലാണ് തുടര്‍ച്ചയായി വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നത്. ഞാന്‍ പറയുന്നത് കേട്ട് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്ന കാലം വരും, പക്ഷെ തല്‍ക്കാലം ആയിട്ടില്ല.
തെറ്റായ വിവരങ്ങള്‍ പരത്താനുള്ള വാട്സ് ആപ്പിന്റെ കഴിവ് അപാരമാണ്. സ്വയം രോഗം കണ്ടു പിടിക്കുന്നവരുടെ സാധ്യത ഇന്റര്‍നെറ്റ് എങ്ങനെ വര്‍ധിപ്പിച്ചുവോ അതുപോലെയാണ് റൂമര്‍ പരത്താന്‍ താല്പര്യമുളളവരെ വാട്ട്സ്ആപ്പ് സഹായിക്കുന്നത്. കേരളത്തില്‍ ഡിസംബര്‍ 31 നു മുമ്പ് ഭൂമി വലുതായി കുലുങ്ങുമെന്നും സുനാമിയുണ്ടാകുമെന്നുമുള്ള ഒരു മലയാളിയുടെ മുന്നറിയിപ്പ് കേരളത്തിലെ മുഴുവന്‍ ആളുകളും വായിച്ചു, പേടിച്ചു. അതുപോലെ തന്നെയാണ് കുട്ടികളെ തട്ടിയെടുക്കുന്ന ഈ കഥയും.
ഇതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രത്യാഘാതം തീര്‍ച്ചയായുമുണ്ട്. ഇതോടെ മറുനാട്ടുകാരെയെല്ലാം നാം സംശയത്തോടെ വീക്ഷിക്കും. ഏതെങ്കിലും സ്ഥലത്ത് സംശയത്തിന്റെ പേരില്‍ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ വരെ ചെയ്യും. ആഫ്രിക്കയില്‍ ഇങ്ങനെയൊരു കഥ കേട്ടതിനുശേഷം ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരും വിധവകളുമായ സ്ത്രീകളെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും സംഭവിക്കും, സംശയം വേണ്ട.
ഇതിനര്‍ത്ഥം ഇന്ത്യയില്‍ ഭിക്ഷാടന മാഫിയകള്‍ ഇല്ലെന്നോ അവര്‍ കുട്ടികളെ തട്ടിയെടുക്കുന്നില്ല എന്നോ അല്ല, ഇതിനെതിരെ നടപടി വേണ്ട എന്നുമല്ല.
ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞു. നമ്മുടെ ആളോഹരി വരുമാനം പതിനായിരം ഡോളറിനോടടുക്കുകയാണ്. (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി അനുസരിച്ച്). ഇന്ത്യന്‍ ശരാശരിയുടെ മൂന്നിരട്ടിയോളം വരുമിത്. ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളുടെ അഞ്ഞൂറ് ശതമാനത്തിലും അധികം.
ഇതിന്റെ പ്രതിഫലനം കൂടിയാണ് നാം നമുക്ക് ചുറ്റും കാണുന്നത്. ഗ്രാമങ്ങളില്‍ പോലും നല്ല സ്‌ക്കൂളുകള്‍, ആശുപത്രികള്‍, ആളോഹരി കാറുകളുടെയും ആഡംബര കാറുകളുടെയും വര്‍ദ്ധന, 24 മണിക്കൂറും വൈദ്യുതി, നൂറു പവനിലധികം സ്വര്‍ണ്ണം ധരിച്ച വധു ഉള്ള വിവാഹങ്ങള്‍, ആയിരത്തിലധികം അതിഥികളുള്ള സല്‍ക്കാരങ്ങള്‍, പഠിക്കാനും വിനോദത്തിനുമായി ഇന്ത്യക്ക് പുറത്തേക്കുള്ള യാത്രകള്‍, നാടെങ്ങുമുള്ള സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍.
ഈ സ്വര്‍ണ്ണക്കടക്കാരെയും തുണിക്കടക്കാരെയും കാര്‍ കച്ചവടക്കാരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന സാമ്പത്തിക സാഹചര്യം തന്നെയാണ് ബണ്ടി ചോറുകളെയും ഭിക്ഷാടന മാഫിയകളെയും കള്ളന്മാരെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതും. ധാരാളം സമ്പത്ത്, കുറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍, അധികം കെട്ടിപ്പൂട്ടില്ലാത്ത വീടുകള്‍. ‘പത്താഴത്തില്‍ നെല്ലുണ്ടെങ്കില്‍ ഏലി പുഴ നീന്തിയും വരും’ എന്ന് പറഞ്ഞതുപോലെ കേരളത്തില്‍ കാര്‍ കച്ചവടം നടത്താന്‍ ജര്‍മ്മനിയില്‍ നിന്നു ബി എം ഡബ്ള്യുവും ജപ്പാനില്‍ നിന്ന് ടൊയോട്ടയും വരുന്നതുപോലെ കേരളത്തില്‍ മോഷണം നടത്താന്‍ വടക്കേ ഇന്ത്യയില്‍ നിന്നും ഭിക്ഷാടനം നടത്താന്‍ മറുനാടുകളില്‍ നിന്നും ആളുകള്‍ വരുന്നത് സ്വാഭാവികമാണ്.
പക്ഷെ ക്രിമിനല്‍ ഉദ്ദേശങ്ങളുമായി കേരളത്തിലെത്തുന്നവരെയും തൊഴില്‍ തേടി കേരളത്തിലെത്തുന്നവരെയും നാം ഒരേ നുകത്തിലാണ് കെട്ടുന്നത് എന്നതാണ് പ്രശ്നം. ഒരേ കണ്ണുകൊണ്ടാണ് നാം അവരെ കാണുന്നത്. മറ്റു സംസ്ഥാനങ്ങളുമായിട്ടുള്ള സാമ്പത്തിക അന്തരമാണ് ക്രിമിനലുകളെയും ഭിക്ഷാടന മാഫിയകളെയും (എയര്‍ കണ്ടീഷണര്‍ സെയില്‍സ് മാന്‍മാരെയും) പോലെതന്നെ മറുനാടന്‍ തൊഴിലാളികളെയും കേരളത്തിലെത്തിക്കുന്നത് എന്നതുകൊണ്ട് മാത്രം അവര്‍ ക്രിമിനലുകള്‍ ആകുന്നില്ല. അവരില്‍ ബഹുഭൂരിപക്ഷവും വിദേശത്ത് പോകുന്ന മലയാളികളെ പോലെ സ്വന്തം കുടുംബത്തിന്റെ ജീവിതം അല്പം മെച്ചപ്പെടുത്താനായി ജോലി തേടിയെത്തിയവരാണ്. അവര്‍ ഭൂരിപക്ഷവും ഗള്‍ഫില്‍ പോകുന്ന മലയാളികളെ പോലെ, ചെന്ന നാട്ടിലെ നിയമങ്ങളനുസരിച്ചും നാട്ടുകാരെ അല്പം പേടിച്ചും ജീവിക്കുന്നവരാണ്. മറുനാട്ടില്‍ നിന്നും കുറച്ച് കള്ളന്മാരും ഭിക്ഷാടകരും എത്തി എന്നതുകൊണ്ട് എല്ലാ മറുനാട്ടുകാരെയും കള്ളന്മാരായോ കുട്ടികളെ തട്ടിയെടുക്കുന്നവരായോ കാണുന്നത് തെറ്റാണ്.
ജിഷയുടെ കൊലപാതകത്തിന് ശേഷം മറുനാട്ടുകാര്‍ അക്രമികളാണെന്നും അവര്‍ വന്നതിനുശേഷം കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചുവെന്നും ഒരു വാട്സ് ആപ്പ് മെസേജ് പ്രചരിച്ചിരുന്നു. അന്ന് ഞാന്‍ പറഞ്ഞ ഒരു കണക്ക് വീണ്ടും പറയാം.
കേരളത്തിലെ ജനസംഖ്യ ഏകദേശം 333 ലക്ഷമാണ്. അതില്‍ മറുനാട്ടുകാര്‍ ഏതാണ്ട് 30 ലക്ഷത്തോളം വരും എന്നാണ് കണക്ക്.
ഒരുവര്‍ഷം കേരളത്തില്‍ ശരാശരി 300 നു മുകളില്‍ കൊലപാതകങ്ങളാണ് നടക്കുന്നത് (രണ്ടായിരത്തി പതിനാറില്‍ മുന്നൂറ്റി അഞ്ച്). ഏകദേശം ലക്ഷത്തിന് 0.9 എന്ന നിരക്കില്‍.
അപ്പോള്‍ ശരാശരി മലയാളികളിലുള്ള അത്രയും അക്രമികള്‍ മറുനാട്ടുകാരില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തി ഏഴു കൊലപാതകങ്ങളെങ്കിലും (30 ലക്ഷം X 0.9) അവര്‍ ചെയ്തതാകേണ്ടതാണ്. സംഭവിക്കുന്നത് പത്തിലും താഴെയാണ്. അതായത് ശരാശരി മലയാളിയില്‍ കാണുന്ന ക്രിമിനല്‍ സാന്നിധ്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് മറുനാട്ടുകാരില്‍ കാണുന്നത്.
കേരളത്തില്‍ കൊലപാതകങ്ങള്‍ നടത്തുന്ന ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. മറുനാടന്‍ തൊഴിലാളികളും ഭൂരിപക്ഷവും പുരുഷന്മാരാണ്. അങ്ങനെ നോക്കുമ്പോള്‍ ശരാശരി മലയാളി പുരുഷന്മാരിലെ ക്രിമിനലുകളെക്കാള്‍ ആറിലൊന്നു ക്രിമിനലുകളേ മറുനാടന്‍ തൊഴിലാളികളിലുള്ളു.
തീര്‍ന്നില്ല, കേരളത്തില്‍ കൊലപാതകം നടത്തുന്ന പുരുഷന്മാരില്‍ ബഹുഭൂരിപക്ഷവും പതിനെട്ടിനും അറുപതിനും മദ്ധ്യേ പ്രായമുള്ളവരാണ്. മറുനാടന്‍ തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇതേ പ്രായക്കാരും. അപ്പോള്‍ പതിനെട്ടിനും അറുപതിനും മദ്ധ്യേ പ്രായമുള്ള മലയാളികളിലുള്ള ക്രിമിനല്‍ സാന്നിധ്യത്തിന്റെ ഇരുപതിലൊന്ന് പോലും മറുനാടന്‍ തൊഴിലാളികളിലില്ല.
വസ്തുതകള്‍ ഇങ്ങനെ ആയിരിക്കെയാണ് മറുനാടന്‍ തൊഴിലാളികളായി വരുന്നവര്‍ ഭൂരിഭാഗവും ക്രിമിനലുകള്‍ ആണെന്ന വാട്ട്സ്ആപ്പ് സന്ദേശം കേരളത്തില്‍ പരക്കുന്നതും മലയാളികള്‍ വിശ്വസിക്കുന്നതും.
ഇതിന്റെയര്‍ത്ഥം മറുനാടന്‍ തൊഴിലാളികളുടെ വരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിയിട്ടില്ല എന്നല്ല. ലക്ഷക്കണക്കിന് പുരുഷന്മാര്‍ വീട്ടില്‍നിന്ന് അകന്ന് ലേബര്‍ ക്യാമ്പ് പോലുള്ള സ്ഥലങ്ങളില്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുണ്ട്. അവര്‍ തമ്മിലുള്ള അടിപിടി, മയക്കുമരുന്നിന്റെ ഉപയോഗം, വ്യഭിചാരം, ഇതൊക്കെ ഏറെ ഉണ്ടാകും. ഗള്‍ഫിലെ ലേബര്‍ കാമ്പിലും യൂറോപ്പില്‍ മറ്റു നാടുകളില്‍ നിന്നും അഭയാര്‍ത്ഥികള്‍ വന്നു താമസിക്കുന്ന സ്ഥലങ്ങളിലും ഇത് സംഭവിക്കാറുണ്ട്. ഇതിന് പരിഹാരം മറുനാട്ടുകാരെ ക്രിമിനലുകളായി കണ്ട് മാറ്റിനിര്‍ത്തുകയല്ല, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് അവര്‍ എന്നറിഞ്ഞ് നമ്മുടെ സമൂഹവുമായി അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ്. അവര്‍ ലേബര്‍ കാമ്പിലെ പോലെ മലയാളികളില്‍ നിന്നും മാറി ഒരു മുറിയില്‍ പത്തും ഇരുപതും പേരൊക്കെയായി താമസിക്കുന്നത് ഒഴിവാക്കുകയാണ്. ലക്ഷക്കണക്കിന് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്ന കേരളത്തില്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് വീടുകൊടുക്കാന്‍ നമ്മള്‍ എന്തുകൊണ്ട് മടിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്.
വാസ്തവമല്ലാത്ത വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഉണ്ടാക്കിവിടുന്നവരില്‍ പത്തുപേരെയെങ്കിലും അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. ഇത് ഇക്കാര്യത്തില്‍ മാത്രമല്ല എത്രമാത്രം അസംബന്ധങ്ങള്‍ ആണ് ഓരോ ദിവസവും വാട്ട്സ്ആപ്പില്‍ പറക്കുന്നത്. ഇത്രയും നല്ല ഒരു സാങ്കേതിക വിദ്യ ഞാന്‍ കൂടുതല്‍ ഉപയോഗിക്കാത്തത് അതില്‍ വരുന്ന, നമ്മള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുള്‍പ്പെടെ ഫോര്‍വേഡ് ചെയ്യുന്ന വര്‍ഗ്ഗീയവും, സ്ത്രീ വിരുദ്ധവും, റേസിസ്റ്റും ഒക്കെയായ സന്ദേശങ്ങള്‍ കാണാന്‍ ഇഷ്ടമില്ലത്തത് കൊണ്ടാണ്. മലയാളികള്‍ ഇക്കാര്യത്തില്‍ അല്പം ജാഗ്രത കാണിച്ചേ പറ്റൂ.
ഈ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുന്നവരെ വിരട്ടുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇങ്ങനെ വരുന്ന സന്ദേശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കണക്കുകള്‍ വച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം (ഇന്ന് ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന കണ്ടു, നല്ലത്).
ഔദ്യോഗിക കണക്കുകളനുസരിച്ച് എത്ര കുട്ടികളെ വര്‍ഷാവര്‍ഷം കാണാതാകുന്നുണ്ട്? അതില്‍ മറുനാട്ടുകാര്‍ തട്ടിയെടുത്തത് എത്ര? സമീപകാലത്ത് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടോ? അതില്‍ മറുനാട്ടുകാര്‍ക്ക് പങ്കുണ്ടോ? എന്നെല്ലാം നമ്മുടെ പോലീസ് സംവിധാനം അന്വേഷിച്ച് ജനങ്ങളെ അറിയിക്കണം.
കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം കൂടിവരുന്തോറും കള്ളന്മാരും കൊള്ളക്കാരും മയക്കുമരുന്നുകാരും ഭിക്ഷാടനമാഫിയയും കൂടുതല്‍ കേരളത്തില്‍ എത്തും, സംശയം വേണ്ട. ഇത് ലോകത്ത് സാമ്പത്തിക അന്തരമുള്ള എല്ലാ സ്ഥലങ്ങളിലും സംഭവിക്കുന്ന ഒന്നാണ്. അതിനെതിരെ നമ്മുടെ സംസ്ഥാനം ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ പുതിയ നയങ്ങളും കര്‍മ്മ പരിപാടികളും ഉണ്ടാകണം. ഇതില്‍ കേരളത്തില്‍ ജീവിക്കുന്ന എല്ലാവരെയും, മലയാളികളേയും മറുനാട്ടുകാരേയും, പങ്കാളികളാക്കണം.
ഇതൊന്നും ഇപ്പോള്‍ നമ്മള്‍ ചെയ്തില്ലെങ്കില്‍ എവിടെയെങ്കിലും ഒരു പാവം മറുനാട്ടുകാരനെ സംശയിച്ച് തല്ലിക്കൊല്ലുന്നതിലേക്ക് വരെ ഈ പ്രശ്നങ്ങള്‍ വഴിതെളിക്കും. മലയാളി സ്ത്രീകളെ പോലും റോഡിലിട്ട് തല്ലിയാലും ഇടപെടാതെ വീഡിയോ എടുത്തു കണ്ടുനില്‍ക്കുന്നവരാണ് നമ്മള്‍. അപ്പോള്‍ പിന്നെ തല്ലുകൊള്ളുന്നത് മറുനാട്ടുകാരനായാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ.
മറുനാട്ടുകാര്‍ കുട്ടികളെ തട്ടിയെടുക്കുന്നതായി തിരുവനന്തപുരത്ത് ഇന്ന് നാം ഫോര്‍വേഡ് ചെയ്യുന്ന സന്ദേശവും കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന സംശയത്തില്‍ കാസര്‍കോഡ് നാളെ ഒരാളെ തല്ലിക്കൊല്ലുന്നതും തമ്മില്‍ പ്രത്യക്ഷമായ ബന്ധമൊന്നും തോന്നില്ല. പക്ഷെ ഭീതിയുടെ, അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് അക്രമം ന്യായീകരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം അസംബന്ധങ്ങള്‍ ഫോര്‍വേഡ് ചെയ്യരുത്.