ആദ്യവാരം കേരളത്തിലേക്ക് വിമാനസര്‍വീസുകള്‍ ഇല്ല , നിരാശയോടെ സിംഗപ്പൂരിലെ മലയാളികള്‍

0

സിംഗപ്പൂര്‍ : കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വിമാന സര്‍വീസുകളുടെ നിരയില്‍ സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ ഇല്ല. ഇതോടെ ഒരു മാസത്തിലേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിംഗപ്പൂര്‍ മലയാളികള്‍ നിരാശയിലാണ്. സിംഗപ്പൂരില്‍ നിന്ന് മെയ്‌ 7-ന് മുംബൈയിലേക്കാണ് ആദ്യസര്‍വീസ് എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.അതിനുശേഷം ഗുജറാത്തിലെ അഹമ്മദാബാദ്, തമിഴ് നാട്ടിലെ തിരുച്ചിരപ്പിള്ളി , ഡല്‍ഹി, കര്‍ണാടകയിലെ ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ റെജിസ്റ്റര്‍ ചെയ്തവരെ തിരഞ്ഞെടുത്തശേഷം യാത്രയ്ക്ക് വേണ്ട വിവരങ്ങള്‍ നല്‍കും.ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജരില്‍ തമിഴ് ആളുകള്‍ കഴിഞ്ഞാല്‍ മലയാളി സമൂഹമാണ്‌ കൂടുതല്‍ എന്ന കണക്കുകള്‍ നിലനില്‍ക്കുമ്പോഴും കേരളത്തിലേക്ക് സര്‍വീസുകള്‍ നല്‍കാത്തത് നിരാശാജനകമാണ്. നിലവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ , പഠനം പൂര്‍ത്തിയാക്കിവര്‍ , ഗര്‍ഭിണികള്‍ , രോഗികള്‍ എന്നിങ്ങനെ നാട്ടിലേക്കു അത്യാവശ്യമായി പോകുവാന്‍ കാത്തിരിക്കുന്ന നിരവധി മലയാളികള്‍ സിംഗപ്പൂരില്‍ താമസിക്കുന്നുണ്ട്. വിസ നീട്ടി നല്‍കി കിട്ടിയാല്‍ത്തന്നെ വാടകയും മറ്റു ചിലവുകളും വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ പലര്‍ക്കും. അസോസിയേഷനുകള്‍ ഇടപ്പെട്ടുകൊണ്ട് ഭക്ഷണത്തിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തുവരുന്നുണ്ട്.

എന്നാല്‍ മലേഷ്യയില്‍നിന്ന് കൊച്ചിയിലേക്ക് ആദ്യവാരം 2 വിമാനസര്‍വീസുകള്‍ ഉണ്ടായിരിക്കും. മലേഷ്യയിലെ മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്‌. സിംഗപ്പൂര്‍ ,കൂടാതെ ഇന്തോനേഷ്യ , ബ്രൂണൈ , ഫിലിപ്പൈന്‍സ് ,തായ് ലാന്‍ഡ് എന്നിങ്ങനെയുള്ള തെക്കുകിഴക്കന്‍ രാജ്യങ്ങളിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരിലെ മലയാളികള്‍ .