വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ

1

സോൾ: അയൽ രാജ്യങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചുകൊണ്ട് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം വീണ്ടും. ചൊവ്വാഴ്ച അവർ കടലിലേക്ക് പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായാണു റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെയും ജപ്പാന്‍റെയും സൈന്യങ്ങൾ ഇതു സ്ഥിരീകരിക്കുന്നു. ഉത്തര കൊറിയയുടെ ആണവായുധ പദ്ധതി സംബന്ധിച്ചു നയതന്ത്ര ചർച്ചയാവാമെന്ന് യുഎസ് ആവർത്തിച്ച് ഉറപ്പുനൽകിയതിനു പിന്നാലെയാണ് ഈ മിസൈൽ പരീക്ഷണം.

ഏതു തരം ബാലിസ്റ്റിക് മിസൈലാണു പരീക്ഷിച്ചതെന്ന് ഇതു സംബന്ധിച്ചു വിവരം നൽകിയ ദക്ഷിണ കൊറിയൻ സംയുക്ത സേനാ മേധാവി വെളിപ്പെടുത്തിയിട്ടില്ല. എത്ര ദൂരം സഞ്ചരിച്ചുവെന്നും വ്യക്തമായിട്ടില്ല. ജാപ്പനീസ് തീരസേന കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ഉടൻ ചേരാൻ പ്രസിഡന്‍റിന്‍റെ ഓഫിസ് തീരുമാനിച്ചു.

സോളുമായി സമാധാന ചർച്ചകൾ നടത്താമെന്നു വാഗ്ദാനം നൽകിയിട്ടുണ്ട് ഉത്തര കൊറിയ. അതേസമയം തന്നെയാണ് അവർ ആയുധ പരീക്ഷണങ്ങളും തുടരുന്നത്. ആണവ പോർമുനകളുള്ള പുതിയ ക്രൂയിസ് മിസൈൽ അടക്കം ആയുധങ്ങൾ അടുത്ത കാലത്ത് ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.