പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു

0

തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ (96) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

തമിഴ്‌നാട്ടിലും കേരളത്തിലും പൊന്നമ്മാളുടെ കച്ചേരികള്‍ക്ക് നിറഞ്ഞ ആസ്വാദകരുണ്ടായിരുന്നു. പഠിച്ചും പഠിപ്പിച്ചുംകൊണ്ടും കേരളത്തിലെ കര്‍ണാടക സംഗീതജ്ഞരില്‍ മുന്‍പന്തിയില്‍ തന്നെ സ്ഥാനമുറപ്പിച്ച സംഗീതജ്ഞയായിരുന്നു പൊന്നമ്മാള്‍. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കുണ്ട്. എട്ടുപതിറ്റാണ്ടു പിന്നിട്ട സംഗീതസപര്യയ്ക്കു ശേഷമാണ് ബി.പൊന്നമ്മാളിന്റെ വിടവാങ്ങൽ.

ത്യാഗരാജ ഭാഗവതരുടെയും സ്വാതി തിരുനാളിന്റെയും കൃതികൾക്കൊപ്പം പ്രസിദ്ധമായ തമിഴ്കൃതികളും അവരുടെ കച്ചേരികാളിൽ ഇടകലർന്നെത്തി. പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ല്‍ ജനിച്ച പൊന്നമ്മാള്‍ ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങി.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാംറാങ്കോടെയും പാസ്സായി. പ്രസിദ്ധ സംഗീതജ്ഞന്‍ പാപനാശം ശിവനില്‍നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. 18-ാം വയസ്സില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീതാധ്യാപികയായ പൊന്നമ്മാള്‍ തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

2009 ൽ കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി 30ലേറെ അവാര്‍ഡുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരേതനായ ആര്‍. ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം, ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനായ മഹാദേവന്‍ എന്നിവര്‍ മക്കളാണ്.