കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു

0

കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂയോർക്കിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസ തേടിയിരുന്നു. ഭാര്യ: തേജസ്വിനി. രണ്ടു മക്കളുണ്ട്. 
ഗുരുതരാവസ്ഥയിലായിരുന്ന കേന്ദ്രമന്ത്രിയെ കാണുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവില്‍ എത്താനിരിക്കെയാണ് അന്ത്യം.

1996 മുതൽ ആറു തവണ പാർലമെന്റ് അംഗമായി. എല്ലാ തവണയും ബെംഗളൂരു സൗത്ത് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ബിജെപി കർണാടക സംസ്ഥാന അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെയാണ് ഇത്തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വാജ്‌പേയ് മന്ത്രിസഭകളിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. 
20 വര്‍ഷം പരാജയപ്പെടാതെ ഒരു സീറ്റില്‍ ജയിച്ചിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. 39ാം വയസ്സില്‍ ആദ്യമായി കേന്ദ്ര മന്ത്രിസ്ഥാനത്ത് എത്തിയെന്ന പ്രത്യേകതയും അനന്ത് കുമാറിന് സ്വന്തമാണ്. വാജ്‌പെയ് സര്‍ക്കാര്‍കാലത്താണ് ഇദ്ദേഹം കേന്ദ്രമന്ത്രിയായത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹം അര്‍ബുദബാധിതനാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുകയും തിരികെ വന്നതിന് ശേഷം ബെംഗളൂരുവിലെ ശങ്കര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ചികിത്സയിലായിരുന്നു. ഇന്ന് 9.30ഓടെ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 
അനന്ത് കുമാറിന്റെ മരണത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.