യുക്രൈന്‍ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റഷ്യ

1

മോസ്‌കോ: റഷ്യന്‍ സൈന്യം യുക്രൈനിലെ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്‍. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുതിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിവരങ്ങള്‍ വ്യാജമാണെന്നും പുതിൻ പറഞ്ഞു. കീവിലും മറ്റ് നഗരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജ പ്രചരണങ്ങള്‍ മാത്രമാണെന്ന് പുതിൻ പറഞ്ഞു.

റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ യുക്രൈനുമായി ചര്‍ച്ചകള്‍ സാധ്യമാകൂവെന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈനുമായും അവിടെ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും സംവാദത്തിന് റഷ്യ തയ്യാറാണെന്ന് പുതിന്‍ സ്ഥിരീകരിച്ചു. എന്നാല്‍ എല്ലാ റഷ്യന്‍ ആവശ്യങ്ങളും അംഗീകരിക്കപ്പെടുമെന്ന വ്യവസ്ഥയില്‍ മാത്രമായിരിക്കും ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ നിഷ്പക്ഷവും ആണവരഹിതവുമായി നിലകൊള്ളുക, നാസി ആഭിമുഖ്യം ഒഴിവാക്കുക, ക്രിമിയയെ റഷ്യയുടെ ഭാഗമായി അംഗീകരിക്കുക, കിഴക്കന്‍ യുക്രൈനിലെ വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ പരമാധികാരം അംഗീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുത്തു. മൂന്നാംവട്ട ചര്‍ച്ചകളില്‍, യുക്രൈന്‍ പ്രതിനിധികള്‍ ന്യായമായതും ക്രിയാത്മകവുമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യ കൂട്ടിച്ചേര്‍ത്തു.