ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി

0

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി. യുഎഇ വ്യോമയാന അതിര്‍ത്തി ഒഴിവാക്കി ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍ വഴിയുള്ള വ്യോമപാതയാണ് വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 45 മിനുട്ട് അധികസമയം യാത്ര ചെയ്യേണ്ടിവരും .

സൗദി അറേബ്യ, യു.എ.ഇ,  ബഹ്‌റൈന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും വ്യോമ അതിർത്തികൾ അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റുന്നത്.  ഇതുവരെ യുഎഇ വ്യോമാതിര്‍ത്തി കടന്ന് അറബിക്കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ ഇനി  ഒമാന്റെ അതിർത്തിയായ അറേബ്യൻ കടലിന്​ മുകളിലൂടെ സഞ്ചരിച്ച്​  ഇറാൻ വഴി പാകിസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക്​പറക്കും. തിങ്കളാഴ്ച്ച രാത്രി 12​ മണിയോടുകൂടി, ജെറ്റ്​എയർവെയ്സ്​ ഇന്ത്യയിലേക്കുള്ള തങ്ങളുടെ റൂട്ട്  ദോഹ-ഒമാന്‍-ടെഹ്‌റാന്‍ വഴിയാക്കി  മാറ്റിയിട്ടുണ്ട്. ഇങ്ങനെ വരുമ്പോള്‍ 45 മിനുട്ട് അധിക ദൂരം സഞ്ചരിക്കേണ്ടി വരും .അധിക ദൂരത്തിന്‌ ഇപ്പോള്‍ താത്കാലികമായി  നിരക്ക് വര്‍ദ്ധനയില്ലെങ്കിലും അധികഇന്ധനച്ചെലവ് വരുന്നതിനാല്‍ യാത്രക്കാരുടെ ലഗേജ് 20 കിലോ ആക്കി കുറക്കേണ്ടിവരും എന്നും റിപ്പോര്‍ട്ട് ഉണ്ട്.

വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ധനയാണ് ഇനി പ്രത്യക്ഷത്തില്‍ നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നം. യു.എ.ഇ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഇറാന്‍ വഴി ചുറ്റി പോകേണ്ടതിനാലാണ് നിരക്ക് കൂടുന്നത്. യാത്രയുടെ സമയവും ഇതു കാരണം നീളും എന്നതും വിഷയമാണ്. അതേസമയം ദല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര പാകിസ്താനു മുകളിലൂടെ ആയതിനാല്‍ ഈ യാത്രയ്ക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരിക. ഖത്തര്‍ എയര്‍ വേയ്‌സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ദോഹ വഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഈ റൂട്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ മണിക്കൂറുകളാണ് യാത്രാസമയം വര്‍ധിക്കുക.