ശരവണ ഭവന്‍ ഹോട്ടല്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

0

ചെന്നൈ: ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാല്‍(72) മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ ശനിയാഴ്ച രാത്രി ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായി. ഹോട്ടൽ ജീവനക്കാരന്റെ മകളെ കല്യാണം കഴിക്കാനായി ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിലാണ് പി.രാജഗോപാൽ ശിക്ഷിക്കപ്പെട്ടത്.

പുഴൽ സെൻട്രല്‍ ജയിലിലായിരുന്ന രാജഗോപാലിനെ അസുഖം കൂടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്‍റെ മകന്‍ ശരവണന്‍ നല്‍കിയ ഹര്‍ജി പരിഗണച്ച മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രാജഗോപാലിന് അവിടെ വച്ച് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജഗോപാല്‍ മരണപ്പെടുകയായിരുന്നു.

ജൂലായ് ഒമ്പതിനാണ് രാജഗോപാല്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് കോടതിയില്‍ ഹാജരായത്.വെജിറ്റേറിയന്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് കീര്‍ത്തി കേട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലകളുടെ ഉടമയെന്ന നിലയില്‍ പ്രശസ്തനായ രാജഗോപാല്‍ തന്‍റെ ഹോട്ടലിലെ ജീവനക്കാരന്‍റെ മകളെ വിവാഹം കഴിക്കാന്‍ നടത്തിയ നെറികെട്ട നീക്കങ്ങളെ തുടര്‍ന്നാണ് ഇരുമ്പഴിക്കുള്ളിലായത്. 2001-ലാണ് കേസിന് ആസ്പദമായ സംഭവം.

എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവജ്യോതിയും ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.ഭര്‍ത്താവിന്‍റെ കൊലപാതകത്തിന് കാരണമായവരെ പിടികൂടാന്‍ ജീവജ്യോതി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ചെന്നൈയിലെ വിചാരണ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിന് വിധിച്ചത്.

പിന്നീട് 2004-ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.