വില കൂട്ടി കമ്പനികൾ: കുറഞ്ഞ വിലയ്ക്ക് സിമന്റ് നിർമ്മിച്ച് തമിഴ്നാട് സർക്കാർ

0

ചെന്നൈ: രാജ്യം മുഴുവൻ വിലക്കയറ്റത്തിൽ വലയുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകുകയാണ് തമിഴ്നാട് സർക്കാർ. സ്വകാര്യകമ്പനികൾ സിമന്റിന് വില കുത്തനെ കൂട്ടിയതോടെ ഒരു കെട്ടിടം നിർമ്മിക്കാനുള്ള ചെലവ് താങ്ങാനാകാതെ വലഞ്ഞ ജനങ്ങൾക്കായി തമിഴ്നാട് സർക്കാർ വിലക്കുറച്ച് സിമന്റ് നിർമ്മിക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമ്മിക്കുന്ന വലിമൈ എന്ന പുതിയ ബ്രാന്റ് പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി സ്റ്റാലിൻ സിമന്റിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടു. വലിമൈയുടെ പ്രീമിയം 50 കിലോഗ്രാമിന് ചാക്കിന് 350 രൂപയാണ് വില. വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് വില വരുന്നത്.

സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയോളം വില വരുമ്പോഴാണ് സർക്കാരിന്റെ നീക്കം. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷന് 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണുള്ളത്. തമിഴ്നാട് സർക്കാരിന്റെ രണ്ടാമത്തെ സിമന്റ് ബ്രാന്റാണ് വലിമൈ. നിലവിൽ സർക്കാരിന്റെ തന്നെ അരസു സിമന്റ് 30000 ടണ്ണിനടുത്ത് വിൽപ്ന നടക്കുന്നുണ്ട്.