ഇനി അവൻ ഉറങ്ങട്ടെ … അച്ഛന്റെ ചാരത്ത് വേദനകളില്ലാത്ത ലോകത്ത്…

    2

    ജീവിച്ചു കൊതി തീരും മുൻപേ വിധി അമ്മയുടെ സുഹൃത്തെന്ന പിശാചിന്റെ രൂപത്തിൽ ആ ഏഴു വയസ്സുകാരനെ മരണത്തിലേക്ക് തൂക്കി എറിയുകയായിരുന്നു. ഈ വാർത്ത കേരളം ഏറ്റുവാങ്ങിയത് നെഞ്ച് പിളരുന്ന വേദനയോടെയാണ്.

    അനുഭവിച്ചത് കൊടിയ പീഡനം

    തൊടുപുഴയിലെ ഏഴ് വയസുകാരന് അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിൽ നിന്ന് ഏൽക്കേണ്ടി വന്നത് ക്രൂരമർ‍ദ്ദനം.ഏഴും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളേയും വീട്ടില്‍ അടച്ചു പൂട്ടി അരുണും യുവതിയും പുറത്ത് പോയി. രാത്രി വൈകി ഇരുവരും തിരിച്ചെത്തിയപ്പോള്‍ ഇളയക്കുട്ടി സോഫയില്‍ മൂത്രമാെഴിച്ചത് അരുണിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. മൂന്നരവയസുള്ള ഇളയകുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തി. അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താതട്ടിനുള്ള ശിക്ഷ നടപ്പിലാക്കി. രുണ്‍ ഉറങ്ങി കിടക്കുകയായിരുന്ന ഏഴ് വയസ്സുകാരനെ പൊതിരെ തല്ലുകയായിരുന്നു. കുട്ടിയെ നിരവധി തവണ നിലത്തിട്ട് ചവിട്ടിയ അരുൺ കുട്ടിയെ കാലുവാരി നിലത്തടിച്ചെന്നും, ചവിട്ടിയെന്നുംഅമ്മ പിന്നീട് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സഹോദരനെ കൊല്ലും വിധം മർദ്ദിച്ചെന്ന് ഇളയ സഹോദരനും മൊഴി നൽകി.അയാളുടെ ചവിട്ടിൽ കുട്ടി അകലേക്കു തെറിച്ചു ചുവരിൽ തലയിടിച്ചു വീണു. കുട്ടിയെ കട്ടിലിലേക്കെടുത്തു വീണ്ടും വലിവലിച്ചെറിഞ്ഞു. അപ്പോൾ സ്റ്റീൽ അലമാരയുടെ മൂലയിലിടിച്ചു തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലിൽ ഇടിപ്പിച്ചു. നിലത്തുവീണ കുട്ടിയെ പലതവണ തൊഴിച്ചു; പല മുറികളിലൂടെ വലിച്ചിഴച്ചു. മുറികളിലെല്ലാം ചോര പടർന്നു. തടയാൻ ശ്രമിച്ച യുവതിയെയും മർദിച്ചു. 4 വയസ്സുള്ള ഇളയ കുഞ്ഞിനേയും മർദിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

    വെന്‍റിലേറ്ററിൽ മരിച്ചുജീവിച്ച ഒരാഴ്ച

    കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ഉടനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആന്തരികരക്തസ്രാവം നിയന്ത്രിക്കാനായിരുന്നില്ല. വൈകാതെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും കുറഞ്ഞു. എങ്കിലും കുരുന്നു ശരീരം മരുന്നുകളോട് പ്രതികരിക്കുമെന്ന പ്രതീക്ഷയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ചികിത്സയിൽ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടു.

    പക്ഷേ ദിവസങ്ങൾ കഴിയുന്തോറും തലച്ചോറിന്‍റെ പ്രവർത്തനവും പൂർണമായി നിലച്ചു. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷെലജയും കുട്ടിയെ ആശുപത്രിയിലെത്തി നേരില്‍ കണ്ടു. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോട്ടയം മെഡി.കോളേജിലെ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ചികിത്സാ ചിലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എന്നാൽ തീവ്രപരിചരണത്തിലും കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടില്ല.മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ.

    മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വെന്‍റിലേറ്റര്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിക്ക് സ്വയം ശ്വാസമെടുക്കാന്‍ പറ്റുന്നില്ലെന്ന് കണ്ടെത്തോടെ ആ നീക്കം ഉപേക്ഷിച്ചു. ദ്രവ്യരൂപത്തിലുള്ള ഭക്ഷണം ഇതിനിടയിലും കുട്ടിക്ക് നല്‍കി കൊണ്ടിരുന്നു. പക്ഷേ ഒരോ ദിവസവും തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഒടുവില്‍ മസ്തിഷ്ക മരണം സംഭവിച്ചതായി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നേരിയ തോതിലെങ്കിലും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം. പക്ഷേ ഇനി പ്രതീക്ഷയെക്ക വകയില്ലെന്ന് അവരും വ്യക്തമാക്കി. കല്‍ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണമായും നിലച്ചു. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം 11.35 ന് മരണം ഒദ്യോഗികമായി സ്ഥിരീകരിച്ചു. ഒടുവിൽ ആ കുരുന്ന് വിടപറയുകയായിരുന്നു.

    അഞ്ചുവർഷത്തിനുശേഷം ആറ്റു നോറ്റ് കിട്ടിയ കനി

    2006ലാണ് തിരുവനന്തപുരം സ്വദേശിയായ ബിജുവും ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. നീണ്ട നാളത്തെ ദമ്പത്ത്യത്തിനൊടുവിൽ ഒരു കുഞ്ഞിക്കാല് കാണാതിരുന്നത് അവരെ നല്ല രീതിയിൽ തളർത്തിയിരുന്നു. ഇതോടെ അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേർച്ചകാഴ്ച്ചകൾ കഴിച്ച് അതിയായി പ്രാർത്ഥിച്ചു. അഞ്ചുവർഷത്തിനുശേഷം ദമ്പതികളുടെ ജീവിതത്തിലേക്ക് ആ കുരുന്നു പിറന്നു. കുട്ടികളെ ബിജുവിന് വലിയ ജീവനായിരുന്നു. എല്ലാ യാത്രകളിലും ബിജു കുട്ടികളെ കൂടെ കൂട്ടുമായിരുന്നു. ഭാര്യയെയും കുട്ടികളെയും കൂട്ടി യാത്ര പോകുന്നത് ബിജുവിന് വലിയ ഇഷ്ടമായിരുന്നു. സോഷ്യൽമീഡിയയിൽ കുട്ടികളുമൊപ്പമുള്ളായിരുന്നു ബിജു കൂടുതലും പങ്കുവച്ചിരുന്നത്.ജീവിതം സന്തോഷകരമായി മുന്നേറുന്ന സമയം പെട്ടന്ന് വന്ന ഹൃദയാഘാതം ബിജുവിന്റെ ജീവനെടുത്തു.ഈ മരണത്തിലും ഇപ്പോൾ ബിജുവിന്റെ ബന്ധുക്കൾക്ക് സംശയമുണ്ട്.

    ബാക്കിയായത് നോട്ട്ബുക്കുകളിൽ അവൻ വരച്ചിട്ട കണ്ണീർ ചിത്രങ്ങൾ

    തന്റെ മരിച്ചു പോയ അച്ഛന്റെ ചിത്രങ്ങളായിരുന്നു ആ കുരുന്നിന്റെ നോട്ട് ബുക്ക് നിറയെ. മരിച്ചുപോയ അവന്റെ അച്ഛൻ ധരിച്ചിരുന്ന കണ്ണടകൾക്ക് സമാനമായിരുന്നു അവൻ വരച്ച ചിത്രങ്ങളിലെ കണ്ണടകളും. സ്കൂളിൽ എല്ലാ പരീക്ഷകൾക്കും വെരി ഗുഡ് സ്വന്തമാക്കിയിരുന്നു അവൻ.അവൻ വരച്ച ചിത്രങ്ങളെക്കാളും ഇപ്പോൾ നാട്ടുകാരെ ഈറനണിയിക്കുന്നത് ചുവരിൽ മായാതെ കിടക്കുന്ന ചില ചോരചിത്രങ്ങളാണ്.അമ്മയുടെ സുഹൃത്തായ ആ പിശാചിന്റെ തള്ളി തകർത്ത തലയോട്ടിയുടെ ചോര ചിത്രങ്ങൾ.

    സ്വന്തം അനിയനോടൊപ്പം കളിച്ചു ചിരിച്ചു നടക്കേണ്ട ഈ പ്രായത്തിൽ കൊടിയ പീഡനങ്ങളേറ്റ് ആ കുരുന്ന് യാത്രയായി… പൊന്നു മോനെ നീ കൊന്നാലോടാ ദുഷ്ട എന്ന് കേരളമൊത്തം കണ്ണീരോടെ ചോദിക്കുമ്പോൾ നമുക്കാശ്വസിക്കാം അവൻ യാത്രയായത് വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് സ്നേഹനിധിയായ സ്വന്തം അച്ഛന്റെ ചാരത്തേക്ക്…