സൂര്യ സിംഗപ്പൂർ ഫെസ്റ്റിവൽ 2023 അരങ്ങ് തകർത്തു.

0
Photos: Rajeev Variyar

സിംഗപ്പൂർ: ഇന്ത്യയുടെ സാംസ്‌കാരിക കലാ മേളകളിൽ പ്രധാനമായ സൂര്യ ഫെസ്റ്റിവൽ 2023 സിംഗപൂർ ചാപ്റ്റർ നിറഞ്ഞ സദസ്സിൽ നൃത്യ സംഗീത മേളയോടെ കോടിയിറങ്ങി. കോവിഡ് കാലത്തിനു ശേഷം സ്റ്റേജിൽ അരങ്ങേറുന്ന ആദ്യത്തെ സൂര്യ സിംഗപ്പൂർ ഫെസ്റ്റിവൽ ആണ് സെറങ്ങൂൺ റോഡിലെ PGP ഹാളിൽ ഇന്ന് അരങ്ങേറിയത്.

കഥക് മാസ്ട്രോ പണ്ഡിറ്റ്‌ രാജേന്ദ്ര ഗംഗാനിയുടെ ചടുലമായ കഥക് നൃത്തങ്ങളും വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീതാസ്വാദകരുടെ മനം കവർന്ന, വെറും 16 വയസ്സ് മാത്രം പ്രായമുള്ള ശാസ്ത്രീയ സംഗീത രംഗത്തെ പ്രതിഭ ബംഗളുരു സ്വദേശി രാഹുൽ വെള്ളാലിന്റെ കച്ചേരിയും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജയ്പൂർ സ്വദേശിയായ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയുടെ ചുവടുകൾ സദസ്സിൽ സന്നിവേശിപ്പിച്ച താളങ്ങളിൽ പ്രകൃതിയും കാറ്റും മഴയുമെല്ലാം പ്രേക്ഷകർക്ക് അനുഭവ വേദ്യമാക്കി. സിംഗപ്പൂർ ഫൈൻ ആർട്സ് സൊസൈറ്റി (SIFAS) യിലെ കലാകാരന്മാരും അതിഥി കലാകാരന്മാർക്കൊപ്പം അരങ്ങിൽ പൂർണ്ണ പിന്തുണയായി.

പരമ്പതാഗതവും സാംസ്‌കാരികവുമായ കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവൽ ഇന്ന് 36 രാജ്യങ്ങളിലും അറുപതോളം ഇന്ത്യൻ നഗരങ്ങളിലും വളർന്നു പന്തലിച്ച ഒരു പ്രസ്ഥാനമാണ്. സൂര്യ സോസൈറ്റിയുടെ ചെയർമാൻ ശ്രീ. സൂര്യ കൃഷ്ണ മൂർത്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.


കൂടാതെ, സിംഗപ്പൂരിലെ പ്രമുഖ ചിത്രകലാകാരുടെ സൃഷ്ടികളുമായി ഒരു ചിത്രകലാപ്രദർശനവും സൂര്യ സിംഗപ്പൂർ ഫെസ്റ്റിവൽ 2023 നൊപ്പം ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ സംഘടകളുടെ ഭാരവാഹികളും പ്രതിനിധികളും ഉൾപ്പെടെ സിംഗപ്പൂരിൽ ജീവിക്കുന്ന കലാ സ്നേഹികളായ നല്ലൊരു കൂട്ടം കാണികൾക്ക് പൂർണ്ണമായും സംതൃപ്തി നൽകിയ പരിപാടി ആയിരുന്നു സൂര്യ സിംഗപ്പൂർ 2023.