ശ്രീലങ്ക സ്‌ഫോടനം: മരണനിരക്ക് 200 കടന്നു; മരിച്ചവരിൽ ഒരു മലയാളിയടക്കം 4 ഇന്ത്യക്കാർ

1

കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. . ഔദ്യോഗിക കണക്കു പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. പ്രാദേശികസമയം 8.45ഓടെയായിരുന്നു സ്‌ഫോടനം.

അ‍ഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 36 പേർ വിദേശികളാണ്.മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയുമുണ്ട്. കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പിടിയിലായവരെല്ലാം സ്വദേശികളാണ്. എന്നാല്‍ ആക്രമണങ്ങള്‍ക്കു പിന്നിൽ വിദേശബന്ധമുണ്ടോയെന്നു പരിശോധിക്കുക കയാണെന്നു പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്നു കർശന നിർദേശമുണ്ട്.

കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, ദ സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി തുടങ്ങിയിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.