കൊവിഡ് വാക്സിൻ വിതരണം തുടങ്ങുന്നു; ആദ്യ ബാച്ച് ലണ്ടനിലെ ആശുപത്രിയിൽ അടുത്ത ആഴ്ചയെത്തും

0

ലണ്ടന്‍: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ മുൻനിര ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ സൺ പത്രം റിപ്പോര്‍ട്ട് ചെയ്തു. വാ‍ർത്ത ഏജൻസിയായ റോയിട്ടേഴ്സും ഇക്കാര്യം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനിലെ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്കാണ് കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നി‍ർദേശം ലഭിച്ചിരിക്കുന്നത്.

ആശുപത്രിയിലെ ആരോ​ഗ്യപ്രവ‍ർത്തകരാവും കൊവിഡ് വാക്സിൻ ആദ്യം സ്വീകരിക്കുക. അടുത്ത ആഴ്ചയോടെ വിതരണത്തിനുള്ള കൊവിഡ് വാക്സിൻ ആശുപത്രിയിൽ എത്തിക്കും എന്നാണ് സൂചന.ആ​ഗോളതലത്തിൽ തന്നെ കൊവിഡ് വാക്സിൻ വിതരണം നടത്തുന്ന ആദ്യ ആശുപത്രികളിലൊന്നാവാൻ പോകുന്ന ജോ‍ർജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ അണിയറയിൽ ച‍ർച്ചകൾ പുരോ​ഗമിക്കുകയാണെന്നാണ് സൂചന.

കോവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്‍പദനം ത്വരിതപ്പെടുത്താന്‍ ഉതകുന്നതാണ് ഓക്‌സ്‌ഫര്‍ഡിന്റെ വാക്‌സിന്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു. 18-55 പ്രായത്തിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടൻ പൊലീസിൻ്റേയും സൈന്യത്തിൻ്റേയും സേവനം ഇതിനായി ഉപയോ​ഗിച്ചേക്കും. ലോകം കാത്തിരിക്കുന്ന കൊവിഡ് വാക്സിനുകളുടെ സുരക്ഷ ഉറപ്പാക്കാനും വാക്സിൻ വിരുദ്ധരിൽ നിന്നും പ്രതിഷേധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ആശുപത്രിക്ക് സുരക്ഷ ശക്തമാക്കാൻ അധികൃത‍ർ തീരുമാനിച്ചത്. നിലവില്‍ ലോകത്ത് പലയിടത്തായി നടക്കുന്ന വാക്‌സിന്‍ ഗവേഷണങ്ങളില്‍ എറെ മുന്നോട്ടുപോയിട്ടുള്ളത് ഓക്‌സ്‌ഫഡും ആസ്ട്രസെനേകയും സംയുക്തമായി നടത്തുന്ന ഗവേഷണമാണെന്നാണ് റിപ്പോർട്ട്.

നവംബ‍ർ രണ്ട് മുതൽ വാക്സിൻ വിതരണം നടക്കുന്ന രീതിയിൽ തയ്യാറെപ്പുകൾ നടത്താനാണ് ആശുപത്രിക്ക് കിട്ടിയ നി‍ർദേശം. ആറ് മാസം കൊണ്ട് മുഴുവൻ പൗരൻമാ‍ർക്കും വാക്സിൻ നൽകാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സ‍ർക്കാ‍ർ തയ്യാറാക്കിയിരുന്നു. നവംബ‍ർ അവസാനത്തോടെയോ ഡിസംബ‍ർ ആദ്യ വാരത്തോടെയോ കൊവിഡ് വാക്സിൻ സുരക്ഷിതമാണോ എന്ന് വ്യക്തമാകുമെന്ന് വൈറ്റ് ഹൗസ് ആരോ​ഗ്യവിദ​ഗ്ദ്ധൻ ആൻ്റണി ഫൗസി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.