മലേഷ്യയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

0

ക്വാലാലമ്പൂർ: മലയാള ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി വേൾഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകവും സംസ്ഥാന സർക്കാരിന്റെ മലയാളി മിഷനും സഹകരിച്ച് നടത്തുന്ന മലയാളം ഓൺലൈൻ പാഠ്യപദ്ധതി ആയ
“അമ്മ മലയാളത്തിന്റെ” ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മലയാളം മിഷൻ ഡയറക്ടർ പ്രൊഫ:സുജ സൂസൻ ജോർജ്ജ് ഓൺലൈനിലൂടെ നിർവ്വഹിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഭാരവാഹികളായ ശ്രീ പ്രിൻസ് പള്ളിക്കുന്നെൽ, ഡോ ജെ രത്നകുമാർ, ശ്രീ ജെയിംസ് കാളിയാനിൽ, പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ ഡോ വിന്ദുജ മേനോൻ എന്നിവർ ആശംസകൾ അറിയിച്ചു രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന വിവിധ പ്രായത്തിലുള്ള പഠിതാക്കൾക്ക് മലയാള ഭാഷ പഠിക്കുന്നതിന് വേണ്ട തരത്തിൽ വിപുലമായ പാഠ്യ പദ്ധതിയാണ് മലയാളം മിഷൻ ഒരുക്കിയിരിക്കുന്നത് എന്ന് പ്രൊഫ. സുജ വിശദീകരിച്ചു.

ഉദ്ഘാടനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിൽ രക്ഷിതാക്കളുടെയും പഠിതാക്കളുടെ യും സംശയങ്ങൾക്ക് പ്രൊഫ. സുജ വിശദീകരണം നൽകി. വേൾഡ് മലയാളി ഫെഡറേഷന്റെ മലയാളം ഫോറം മലേഷ്യ ഘടകം ഭാരവാഹികൾ ആയ ശ്രീമതി സുനു കുര്യൻ സ്വാഗതവും ശ്രീ ഷിജു ഡാനിയേൽ നന്ദിയും പറഞ്ഞു.