നീതിദേവത കണ്ണിലെ കെട്ടഴിക്കുന്നു

0

ഇന്ത്യയുടെ പരമോന്നത കോടതിയിൽ നിന്നാണ് ആശ്വാസകരമായ വാർത്തകൾ വന്നിരിക്കുന്നത്. സമരമുഖത്തായിരുന്ന കർഷകരുടെയിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ കിരാതമായ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നതാണ് ഈ വാർത്ത. വ്യാഴാഴ്ച രാവിലെ തന്നെ ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിൽ തന്നെ ഈ കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്.

നീതി ന്യായ വ്യവസ്ഥയിൽ ഇനിയും പ്രതീക്ഷയർപ്പിക്കാൻ കാരണങ്ങളുണ്ടെന്ന് തന്നെയാണ് സുപ്രീം കോടതിയുടെ ഈ തീരുമാനത്തിൽ നിന്നും വ്യക്തമാകുന്നത്. ഭരണകൂട ഭീകരത എല്ലാ സീമകളും ലംഘിക്കുന്ന വർത്തമാന ഫാഷിസത്തിനെ സുപ്രീം കോടതി ചിലതെല്ലാം ഓർമ്മിപ്പിക്കുന്നുണ്ട്.

കർഷക കൂട്ടക്കൊല വീഡിയോയിൽ പകർത്തിയ പ്രാദേശിക പത്രപ്രവർത്തകനായ
രമൺകശ്യപിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ മന്ത്രി പുത്രൻ്റെ കിങ്കരന്മാർ വെടിവെച്ച് കൊന്നിരുന്നു. രമൺ കശ്യപ് ചരിത്രത്തിൻ്റെ ഭാഗമായി മാറിയെങ്കിലും അദ്ദേഹത്തിൻ്റെ ക്യാമറ ഒപ്പിയെടുത്ത തെളിവുകൾ വർത്തമാന ഭീകരതക്കെതിരെയുള്ള ശക്തമായ ചോദ്യചിഹ്നമായി ഫാഷിസ്റ്റുകൾക്ക് മുന്നിൽ അലോസരമായി അവശേഷിക്കുമ്പോൾ നഷ്ടപ്പെടാൻ പോകുന്നത് മന്ത്രി പുത്രൻ്റെ കിരാത നടപടികൾക്ക് പിന്നിലുണ്ടായിരുന്ന ഗുണ്ടകളുടെ സ്വസ്ഥത തന്നെയാണ്. രമൺ കശ്യപിൻ്റെ ക്യാമറ ഒപ്പിയെടുത്ത ഭീകരതയുടെ വാചാലമായ ദൃശ്യങ്ങൾ പരമോന്നത കോടതി പരിഗണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അശീഷ് മിശ്രയുടെ അനുയായികൾ പഠിക്കാൻ പോകുന്നത് ചരിത്രത്തിലെ പുതിയ പാഠം തന്നെയായിരിക്കും. വ്യക്തികളെ വകവരുത്തിയാലും അവർ നൽകിയ തെളിവുകൾ കുറ്റവാളികളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു പുതിയ കാഴ്ചയ്ക്കാണ് ഭാരതം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നത് സന്തോഷകരമായ സംഭവം തന്നെയാണ്. കർഷകരുടെ കണ്ണീരിനും വിയർപ്പിനും ഭരണാധികാരികളെ കൊണ്ട് കണക്ക് പറയാൻ കാലം കാത്തിരിക്കുകയാണ്.