മഴക്കാലമായാല്‍ തമിഴ്നാട് ഉറ്റുനോക്കുന്നത് ഈ മഴമനുഷ്യന്റെ പ്രവചനങ്ങളെ; ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന പ്രദീപ്‌ ജോണ്‍ എന്ന സാധാരണക്കാരന്‍ എങ്ങനെയാണ് മഴമനുഷ്യനായത് എന്നറിയാമോ ?

0

കാലവര്‍ഷം കലിതുള്ളുമ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്  ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്കാണ്. കാരണം എവിടെ എപ്പോള്‍ എത്ര മഴ പെയ്യുമെന്ന് കിറുകൃത്യമായി അറിയാന്‍ സാധിക്കും. കാരണം കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന ഈ സാധാരണക്കാരന്റെ മഴപ്രവചനങ്ങളെയാണ്.

തമിഴ്‌നാട് വെതര്‍മാനെ ഫേസ്ബുക്കില്‍ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ‘തമിഴ്‌നാട് വെതര്‍മാനെ ’  തേടി കൂടുതല്‍  ആരാധകര്‍ എത്തിയത്.  കടുകട്ടിയായ സാങ്കേതികപദാവലികള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്കു മനസിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.  വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്. വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്.

അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാര്‍, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതല്‍ അറിവുകള്‍ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകള്‍ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്‌സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്.

1996ലെ പെരുമഴക്കാലത്താണ് പ്രദീപിന്റെ ജീവിതം ഇത്തരത്തില്‍ മാറിമറിയുന്നത്.  1996 ജൂണില്‍ ചെന്നൈയില്‍ മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടില്‍ തന്നെ കുടുങ്ങിപ്പോയി. 700 മില്ലീമീറ്റര്‍ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തില്‍ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകള്‍ വീടുകളില്‍ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാല്‍ക്കണിയില്‍ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയെ ആയി.

2012ലാണ് പ്രദീപ് ഫെയ്‌സ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജില്‍ കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി. സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്‌സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി. 2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു.  2010-ല്‍ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് ആരംഭിച്ചിരുന്നു പ്രദീപ്‌.

ചെന്നൈ  വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞത്. തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ ജോണ്‍ ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം നടത്തുന്നത്.