80,000 പൗണ്ട് ഭാരം വലിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം; ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍

0

ടെസ്‌ലയുടെ ഏറ്റവും വലിയതും വിലയേറിയതുമായ ഇലക്ട്രിക് വാഹനം ഉടന്‍ അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ പുറത്തിറക്കും. കണ്ടയ്നറുകള്‍ അടക്കമുള്ളവ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സെമി ട്രക്ക് ഒക്ടോബര്‍ 26-ന് പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ബീസ്റ്റ് എന്നാണ് എലന്‍ മസ്‌ക് വാഹനത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ട്രക്കിന് എത്രത്തോളം ഭാരം വഹിക്കാനുകുമെന്നോ ഒരു തവണ ചാര്‍ജുചെയ്താല്‍ എത്രദൂരം സഞ്ചരിക്കാനാകുമെന്നോ ഒരു സൂചനയുമില്ല.

ക്ലാസ് എട്ട് വിഭാഗത്തില്‍പ്പെടുന്ന ട്രക്കുകള്‍ 80,000 പൗണ്ട് (36 ടണ്‍) വരെ ഭാരം വലിച്ചുകൊണ്ടുപോകാനുള്ള കഴിവുള്ളവയാണ്. സാധാരണ രണ്ട് ഇന്ധന ടാങ്കുകളുള്ള ഇവയ്ക്ക് 800 കിലോമീറ്ററിലേറെ ദൂരം ഒരു തവണ ഇന്ധനം നിറച്ച് സഞ്ചരിക്കാനാവും. ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 300 മൈല്‍ (500 കിലോമീറ്ററോളം) ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് ട്രക്കാണ് ടെസ്‌ല ലക്ഷ്യമിടുന്നത്.

അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് ട്രക്കിന് ഡ്രൈവറില്ലാതെ ഓടാനുള്ള കഴിവുകളും ഉണ്ടാകുമെന്നാണ്  റിപ്പോര്‍ട്ട്. വിപണിയിലുള്ള മറ്റേത് ട്രക്കിനെക്കാളും കരുത്ത് ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്കിനുണ്ടാകുമെന്നും ഏത് കയറ്റവും ട്രക്ക് ഭാരം വഹിച്ച് അനായാസം കയറുമെന്നും മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് കാര്‍ പോലെ ഓടിച്ച് പോകാന്‍ കഴിയുന്നതാവും വമ്പന്‍ ട്രക്കെന്നാണ് മസ്‌കിന്റെ മറ്റൊരു വാഗ്ദാനം. ടെസ്‌ല ഇലക്ട്രിക് കാറുകളുടെ രൂപകല്‍പ്പനാ ശൈലി ട്രക്കും പിന്തുടര്‍ന്നിട്ടുണ്ടെന്നാണ് ടെസ്‌ല പുറത്തുവിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനപ്രേമികളെ അമ്പരപ്പിച്ച് അടുത്തിടെ വിപണിയിലെത്തിയ മോഡല്‍ 3 ഇലക്ട്രിക് കാറിന്റെ നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടെസ്‌ല.

മോഡല്‍ 3 അടിസ്ഥാനമാക്കിയുള്ള ക്രോസ് ഓവര്‍ വാഹനവും അവര്‍ വികസിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം ഈ വാഹനം വിപണിയിലെത്തിക്കാനാണ് നീക്കം. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മാണശാല നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ടെസ്‌ല നടത്തുന്നുണ്ട്. ഇതിനിടെയാണ് വമ്പന്‍ ഇലക്ട്രിക് ട്രക്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.