തൃപ്തിക്ക് മലചവിട്ടാന്‍ പ്രത്യേക സുരക്ഷ നല്‍കില്ല; വാഹനമോ താമസസൗകര്യമോ ഉണ്ടാകില്ല ; ഉള്ളത് ശബരിമലയില്‍ സാധാരണ തീര്‍ത്ഥാടകര്‍ക്കുള്ള പരിഗണന തന്നെ

1

ശബരിമല ദര്‍ശനത്തിന് എത്തുന്ന വനിതാവകാശപ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിക്ക് പോലീസ് പ്രത്യേക സുരക്ഷ നല്‍കിയേക്കില്ല. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന സുരക്ഷ തന്നെ തൃപ്തിക്കും നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ തൃപ്തിയുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്നും പോലീസ് തീരുമാനം എടുത്തു.

നേരത്തെ ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്നും തനിക്കും ഒപ്പം വരുന്നവര്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് നയം വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്. 
ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നത്. സ്ത്രീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തൃപ്തിയുടെ നിലപാട്. കേരളത്തില്‍ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ മുഖ്യമന്ത്രിയും കേരളാ പോലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്തി പറഞ്ഞു.

ശനിയാഴ്ച നട തുറക്കാനിരിക്കെ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കനത്ത പ്രതിഷേധം പ്രതീക്ഷിച്ച് നിലയ്ക്കല്‍ മുതല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.