ജോബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്; ട്രംപിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ

1

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡണ്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ജനുവരി 20ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

. ഭരണകൈമാറ്റം സമാധാനപരമായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചത്. 1869-ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങ് വിട്ടുനിന്നശേഷമുള്ള ആദ്യത്തെ വിട്ടുനില്‍ക്കലാകും ട്രം പിന്റേത്.

ജോബൈഡന്റെ വിജയത്തെ അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്തത് അമേരിക്കൻ കോൺഗ്രസിലടക്കം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

അതേ സമയം ട്രംപിന്‍റെ അക്കൗണ്ട് നിരോധിചിരിക്കയാണ് സമൂഹമാധ്യമമായ ട്വിറ്റർ. വെരിഫൈഡ് പ്രൊഫൈലും, ഇതിലടങ്ങിയ എല്ലാ ട്വീറ്റുകളും ട്വിറ്റർ പിൻവലിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ഇനിയും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുന്നുവെന്ന് ട്വിറ്റർ അറിയിക്കുകയായിരുന്നു. നേരത്തേ 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാൻ പോകില്ല”, എന്നായിരുന്നു ട്രംപിന്‍റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെ ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ നിരോധിക്കുകയും ചെയ്തു. കാപ്പിറ്റോൾ ആക്രമണത്തെ തുടർന്ന് ട്രംപിനെ രണ്ടാഴ്ചത്തേക്ക് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. ട്രംപിന്റെ പ്രസിഡന്റ് പദവി അവസാനിക്കുന്നതു വരെയാണ് നിലവിൽ വിലക്ക്. അതേസമയം, വിലക്ക് അനിശ്ചിത കാലത്തേക്ക് തുടർന്നേക്കാമെന്നും ഫേസ് ബുക്ക് സിഇഒ മാർക്ക് സുക്കർ ബർഗ് വ്യക്തമാക്കി.