കൊല്ലപ്പെട്ട റഷ്യൻ സൈനികരെക്കുറിച്ചറിയാൻ യുക്രൈൻ വെബ്‌സൈറ്റ്

1

കീവ്: ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്ത റഷ്യൻ സൈനികരെക്കുറിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നതിനായി വെബ്സൈറ്റ് ഒരുക്കക്കി യുക്രൈൻ. 200.rf.com എന്ന വെബ്സൈറ്റിൽ മരിച്ച സൈനികരുടെ മൃതശരീരത്തിന്റെയും മറ്റ് രേഖകളുടെയും ചിത്രം നൽകിയിട്ടുണ്ട്.

പിടിക്കപ്പെട്ടുവെന്ന് സൈനികർ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ വീഡിയോകളും ഇതിലുണ്ട്. പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചു എന്നറിയാതെ പല റഷ്യക്കാരും കഷ്ടപ്പെടുകയാണെന്നും അതിനാലാണ് വെബ്സൈറ്റ് തയ്യാറാക്കിയതെന്നും യുക്രൈൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിക്ടർ ആൻഡ്രൂസിവ് പറഞ്ഞു.

200-ഓളം റഷ്യൻ സൈനികരെ ഇതുവരെ പിടികൂടിയെന്നും 3000-ത്തിലേറെപ്പേരെ വധിച്ചെന്നുമാണ് യുക്രൈൻ അവകാശപ്പെടുന്നത്. ഇവരുടെയെല്ലാം വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് വിക്ടർ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട യുക്രൈൻ സൈനികരുടെ വിവരം റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.