തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും ശിക്ഷയും

0

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനൻസും പുറത്തിറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.

ഓൺലൈൻ ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്ന് വിലയിരുത്തികൊണ്ടാണ് സർക്കാർ നടപടി. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടമായതിനെ തുടർന്ന് നിരവധി പേരാണ് തമിഴ്‌നാട്ടിൽ ജീവനൊടുക്കിയത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി.

ചൂതാട്ടം നിരോധിക്കുന്നത് പരിശോധിച്ചു കൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സർക്കാരിനോട് ചോദിച്ചിരുന്നു. ചൂതാട്ട നിരോധന ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം സർക്കാരിനോട് ചോദിച്ചത്. നേരത്തെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.