മഹാരാഷ്ട്രയിൽ മാവോവാദി ആക്രമണം; 15 സൈനികർ കൊല്ലപ്പെട്ടു

0

മുംബൈ: മഹാരാഷ്ട്രയില്‍ ഗട്ചിറോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ 16 മരണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് ആക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിന്‍റെ ഡ്രൈവറും 15 സുരക്ഷാ ഭടന്‍മാരുമാണ് കൊല്ലപ്പെട്ടത്.

ഏപ്രിൽ 11 ന് ഗഡ്ചിറോളിയിൽ വോട്ടെടുപ്പ് ദിനത്തിൽ മാവോയിസ്റ്റുകൾ പോളിങ് ബൂത്തിന് നേരേ ആക്രമണം നടത്തിയെങ്കിലും ആർക്കും പരുക്കേറ്റിരുന്നില്ല. ഇതിനെ തുടർന്നാണ് സുരക്ഷാ ഭടൻമാക്ക് നേരെ മാവോയിസ്റ്റുകൾ വീണ്ടും ആക്രമണം നടത്തിയത്.

സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് റേഞ്ച് ഡി.ഐ.ജി പ്രതികരിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. മഹാരാഷ്ട്ര ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചത്.