കാനിലേക്ക്‌ മലയാളമായി ഒരു കുഞ്ഞു ചിത്രം

0

കേരളത്തിന്‍റെ അഭിമാനമായ് ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒരു മലയാളം ഷോര്‍ട്ട് ഫിലിം, അല്‍ഫി.

വിശ്വ പ്രസിദ്ധമായ കാനിലേക്ക് പ്രവേശനം ലഭിക്കുന്ന ഏക ഇന്ത്യന്‍ ഹൃസ്വ ചിത്രമാണ് അല്‍ഫി. ഏക മലയാളം ചിത്രവും. ഇതിന്‍റെ ആദ്യ പ്രദര്‍ശനമാണ് കാനില്‍ നടക്കുക. ചലച്ചിത്ര മേഖലയില്‍ ആദ്യ ചുവടുമായ് എത്തിയ കുറെ ചെറുപ്പക്കാരായ  പ്രൊഫഷണലുകളാണ് ഇതിനു പിന്നില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു യുവ ഡോക്ടര്‍മാരാണ് അല്‍ഫി യാദ്ധാര്‍ഥ്യമാക്കിയത്.

ഡോ. തോമസ്‌ മത്തായി എന്ന അല്‍ഫിയുടെ സംവിധായകന്‍, ഹൗസ് സര്‍ജെന്‍ ആയിരുന്ന കാലത്ത് മനസ്സില്‍ ജനിച്ച ആശയമാണ് അല്‍ഫിയെ  രൂപപ്പെടുത്തി ഇത്ര ദൂരമുള്ള കാനില്‍ എത്തിച്ചത് .

ഇന്‍ഫോസിസിലെ ഐടി എഞ്ചിനീയര്‍ ആയിരുന്ന സന്ദീപ്‌ നായര്‍,ഡോ.ശ്രീരാജ് എന്നിവര്‍ അല്‍ഫിയെ അഭ്രപാളികളിലാക്കി. ഇപ്പോള്‍ ടെക്ക്നോ പാര്‍ക്കിലെ ഫിയോഫസ് സോലുഷന്‍സില്‍ ബിസിനസ്‌ ഡെവലപ്പ്മെന്‍റ് മാനേജര്‍ ആയ സന്ദീപ്‌ നായര്‍ അമച്ച്വര്‍  ഫോട്ടോഗ്രാഫര്‍ കൂടിയാണ്. സിനിമാറ്റോ ഗ്രാഫര്‍ എന്ന നിലയില്‍  സിനിമയിലെ ആദ്യ സംരംഭമാണ് അല്‍ഫി. അരുവിക്കരയുടെ ഭംഗിയാണ് സന്ദീപും ഡോ.ശ്രീരാജും  അല്‍ഫിയില്‍ ഉപയോഗിച്ചത്.

Thomas Mathai (Director) Sandeep Nair (Cinematographer) Sreeraj (Cinematographer&Editor)

ഡോ. തോമസ്‌ മത്തായിയുടെ സഹപാഠി ഡോ. ആശിര്‍വാദ്, ആര്‍ക്കിടെക് രേഷ്മ മലയില്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്‍റെ എഡിറ്റിംഗ്, പോസ്റ്റ്‌ പ്രൊഡക്ഷന്‍ എന്നിവ ഡോ. ശ്രീരാജ് നിര്‍വഹിച്ചിരിക്കുന്നു. വിവിയന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം. സുനു ഖാദര്‍ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.  വിവിയന്‍ വിദ്വാന്‍ റോക്ക് ബാന്‍ഡ് അംഗവും സുനു ആര്‍ട്ട്‌ കോളേജ് വിദ്യാര്‍ത്ഥിയുമാണ്‌.

ഒരു ചലച്ചിത്ര നടിയുടെ ജീവിതം സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പരിച്ഛേദമാണ് 27 മിനിറ്റുള്ള അല്‍ബി.  ആദ്യ സിനിമ തന്നെ കാനില്‍ എത്തിയ നേട്ടത്തിന്‍റെ നെറുകയില്‍ ആണ് ഈ ഡോക്ടര്‍ കൂട്ടം. ഒപ്പം സന്ദീപും മറ്റു കൂട്ടുകാരും.