ഓസ്‌ട്രേലിയയുടെ നൂറിലധികം പത്രങ്ങള്‍ ഡിജിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ച് റൂപർട്ട് മർഡോക്കിന്റെ ന്യൂസ് കോർപ്

0

ഓസ്ട്രേലിയ: റൂപർട്ട് മർഡോകിന്റെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയ തങ്ങളുടെ നൂറിലധികം പത്രങ്ങള്‍ ഡിജിറ്റലിലേയ്ക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് പരസ്യരം​ഗത്തുണ്ടായ വൻതിരിച്ചടിയും അതുവഴി വന്നു ചേർന്ന സാമ്പത്തിക പ്രതിസന്ധിയും, വായനക്കാരുടെ ശീലവ്യതിയാനങ്ങളുമൊക്കെയാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ.

ഓസ്‌ട്രേലിയയിലെ 112 പത്രങ്ങളാണ് അച്ചടി നിര്‍ത്തുന്നത്. ഇതില്‍ 76 എണ്ണം ഓണ്‍ലൈനില്‍ പ്രസിദ്ധീകരണം തുടരും. 36 എണ്ണം പൂര്‍ണമായും അപ്രത്യക്ഷമാകും. ജൂണ്‍ 29 മുതല്‍ പ്രാദേശിക പത്രങ്ങളിൽ ഭൂരിഭാ​ഗവും ഡിജിറ്റൽ മേഖലയിലേക്ക് മാറ്റും. കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ന്യൂസ് കോര്‍പ്പിന്റെ കീഴിലുള്ള 60 പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. ഇവയും ഇനി പുനരാരംഭിക്കാനിടയില്ലെന്നാണ് സൂചന. ഇതോടെ എത്രപേര്‍ക്ക് ജോലി നഷ്ടമാകും എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

മാധ്യമ വ്യവസായത്തെ ആ​ഗോളമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നത്. വായനക്കാരുടെ എണ്ണം കുറയുകയും മാധ്യമ പരസ്യ വരുമാനത്തെ ​ഗൂ​ഗിളിന്റെയും ഫേസ്ബുക്കിന്റെയും വരവ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക പത്രങ്ങളാണ് പ്രധാനമായും മര്‍ഡോകിന്റെ നടപടിക്കിരയാവുന്നത്.

കോവിഡ് 19 പ്രാദേശിക പത്രപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ മൈക്കല്‍ മില്ലര്‍ പറയുന്നു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാലത്ത് പത്രങ്ങളുടെ പരസ്യവരുമാനം ഭീമമായി ഇടിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ന്യൂസ് കോര്‍പിന്റെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ഇക്കാലയളവില്‍ 60 ശതമാനത്തോളം വളര്‍ച്ച നേടാനായി.

വായനക്കാരും പരസ്യദാതാക്കളും ഓണ്‍ലൈനിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് കമ്പനി പറയുന്നു. കൂടുതല്‍ ഓണ്‍ലൈന്‍ മാധ്യപ്രവര്‍ത്തകരെ നിയമിക്കാനും ഡിജിറ്റല്‍ പരസ്യം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ആലോചിക്കുന്നതായും കമ്പനി വ്യക്തമാക്കുന്നു.