അപരിചിതമായ 15 റേഡിയോ തരംഗങ്ങള്‍; അന്യഗ്രഹങ്ങളെ തേടിയുള്ള ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയില്‍ വന്‍ വഴിത്തിരിവ്

0

അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് തേടുന്ന ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയില്‍ വന്‍ വഴിത്തിരിവ്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യത ഗവേഷണം ചെയ്യുന്ന ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയുടെ റഡാറില്‍ പുതുതായി 15 റേഡിയോ തരംഗങ്ങള്‍ ലഭിച്ചു. ഭൂമിയില്‍ നിന്നു 300 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹത്തിലാണു തരംഗങ്ങളുടെ പ്രഭവകേന്ദ്രം.

തരംഗങ്ങള്‍ പ്രവഹിക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്താനായിട്ടില്ല. തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയില്‍ നിന്ന് ഇത്തരം തരംഗങ്ങള്‍ പുറപ്പെടാം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഉപയോഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റുകളില്‍ നിന്നാണ് ഇവ എത്തിയതെന്നാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതിയിലെ ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനം.

മുന്‍പു പത്തിലധികം തവണ റേഡിയോ തരംഗങ്ങള്‍ ഇതേ പ്രഭവകേന്ദ്രത്തില്‍ നിന്നു ലഭിച്ചിരുന്നു. 2012ല്‍ ആണു ശാസ്ത്രജ്ഞര്‍ പ്രഭവകേന്ദ്രം കണ്ടെത്തിയത്. മുന്‍പ് ഉണ്ടായതിലും തീവ്രതയിലാണു പുതിയ തരംഗങ്ങള്‍ എത്തിയതെന്നു പദ്ധതിയിലെ ഇന്ത്യന്‍ ഗവേഷകനായ വിശാല്‍ ഗജ്ജാര്‍ പറഞ്ഞു. പ്രപഞ്ചത്തിലെ ജീവന്റെ സാധ്യതകള്‍ കണ്ടെത്താനായി വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിന്‍സും റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നറും സ്ഥാപിച്ചതാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതി. പ്രപഞ്ചത്തിലെ നിഗൂഢ മേഖലകളായ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഗണ്യമായ സംഭാവനകള്‍ ഹോക്കിന്‍സ് നല്‍കിയിട്ടുണ്ട്.

തലച്ചോറിലെ ന്യൂറോണുകള്‍ നശിക്കുന്ന അപൂര്‍വരോഗത്തിനിരയായ ഹോക്കിന്‍സ് പ്രത്യേകം തയാറാക്കിയ വീല്‍ച്ചെയറില്‍ ഇരുന്നു നൂതന കംപ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണു ഗവേഷണവും ആശയവിനിമയവും നടത്തുന്നത്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവര്‍ പ്രകൃതി വിഭവങ്ങള്‍ക്കായി ഭൂമിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.