കൊറോണ: യുറോപ്പിലേക്കും പടരുന്നു; ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി, 1287 പേര്‍ക്ക് രോഗ ബാധ

0

മരണ ഭീതിപടർത്തി കൊറോണ വൈറസ്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതില്‍ 237 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്നതിനായി വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ഇതിനോടകം ചൈന അടച്ചുകഴിഞ്ഞു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ഗതാഗതം തടഞ്ഞാണു വൈറസിനെതിരെ പ്രതിരോധം ശക്തമാക്കിയത്.

ചൈനയിൽ 29 പ്രവിശ്യകളിൽ രോഗം റിപ്പോർട്ട് ചെയ്തു. ഇന്നലെ ആരംഭിക്കേണ്ട ചൈനീസ് പുതുവർഷാഘോഷങ്ങൾ ഭീതി മൂലം ഒഴിവാക്കി. ഇതിനിടെ, ആരോഗ്യ അടിയന്താരവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തി. ചൈനയിൽ സ്ഥിതി ഗുരുതരമാണെങ്കിലും ആഗോളതലത്തിൽ അടിയന്തരസാഹചര്യമില്ല.

വൈറസിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വുഹാനിലാണ് മരിച്ചവരിലേറെയും. ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങളിലെ ആരാധനാലയങ്ങളും വിനോദകേന്ദ്രങ്ങളും അടച്ചു. വുഹാൻ വിമാനത്താവളവും അടച്ചു.

13 നഗരങ്ങള്‍ അടച്ചതായി ചൈനീസ് അധികൃതര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാന്‍, ഹുവാങ്ഗാങ്, ഉജൗ, ചിബി, ഷിയാന്താവോ, ക്വിയാന്‍ജിയാങ്, ഷിജിയാങ്, ലിഷുവാന്‍, ജിങ്ജൗ, ഹുവാങ്ഷി തുടങ്ങിയയിടങ്ങളിലാണ് നിയന്ത്രണം. നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

വൈറസ് യൂറോപ്പിലേക്കും പടരുന്നതായാണ് സൂചന.ഫ്രാൻസിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി അറിയിച്ചു. സിംഗപ്പൂർ, ജപ്പാന്‍, തായ്‌ലാന്‍ഡ്, തയ്‌വാന്‍, വിയറ്റ്‌നാം, ഹോങ്‌കോങ്, മക്കാവു, ഫിലിപ്പീന്‍സ്, യു.എസ്. എന്നിവിടങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.