മുഖദാറിലേക്ക് വരൂ… ഒരു രൂപയ്ക്ക് കിട്ടും നല്ല കിടിലൻ ചായ

1

ഒരു കപ്പ് ചായയ്ക്ക് ചിലപ്പോ ഒരുപാട് കഥകൾ പറയാൻ ഉണ്ടാക്കും. കോഴിക്കോട് മുഖദാർ ബീച്ചിലൂടെ നടക്കുന്ന ഓരോരുത്തർക്കും കാണും അത്തരത്തിലൊരു ചായ കഥപറയാൻ. ഫുഡ് ടാക്സ്, ജി എസ് ടി എന്നിങ്ങനെ ഓരോകണക്കും എണ്ണി തിട്ടപ്പെടുത്തി ഒരു കപ്പ് ചായക്കും പലഹാരത്തിനും അന്യായ വിലയീടാക്കുന്ന വമ്പൻ ഹോട്ടലുകൾക്ക് മുഹമ്മദ് ഇക്കയും അദ്ദേഹത്തിന്റെ കുഞ്ഞുകടയും ഒരു മാതൃക തന്നെയാണ്. അതെ മുഹമ്മദ് ഇക്കയുടെ കടയിൽ ചായകുടിക്കാൻ കയറുമ്പോൾ കാശ് അധികമാകുമെന്ന പേടിവേണ്ട. ഇവിടെ വന്ന് നല്ല ചൂടുചായയും രുചിയൂറുന്ന പലഹാരങ്ങളും കഴിച്ച് എത്രയായെന്ന് ചോദിക്കുമ്പോൾ പലരും മറുപടി കേട്ട് ഞെട്ടിയിട്ടുണ്ട്. അതെ ചായയ്ക്ക് ഒരു രൂപ. പലഹാരത്തിന് 4 രൂപ.

മുഖദാറിലെ ഇക്കാന്റെ ചായക്കട’യിൽ കഴിഞ്ഞ പന്ത്രണ്ടു വർഷമായി ചായക്ക് ഒരു രൂപയേ ഉള്ളൂ. അതിനു മുൻപ് അൻപതു പൈസ. അവശ്യ സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോഴും ഒരു രൂപയ്ക്ക് ചായക്കട നടത്തി അത്ഭുതമാവുകയാണ് കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് കോയ. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ഇന്നത്തെ കാലത്ത് ഇത്തരം ഒരു ചായ കട പലർക്കും ആശ്വാസവും മറ്റുചിലർക്ക് അത്ഭുതവുമാണ്. മുഹമ്മദ് ഇക്ക ചായ കട തുടങ്ങുമ്പോൾ പഞ്ചസാരയ്ക്ക് വില 10 രൂപയിൽ താഴെയായിരുന്നു. എന്നാൽ വർഷങ്ങളൊരുപാട് പിന്നിടുമ്പോൾ സമൂഹത്തിൽ വിലക്കയറ്റത്തിന്റെ ഒരുപാട് വേലിയേറ്റങ്ങൾ ഉണ്ടായി. പഞ്ചസാരയുടെ വില പതിന്മടങ്ങു കൂടി. എന്നിട്ടും ഇക്കാടെ കടയിലെ ചായയ്ക്ക് അന്നും ഇന്നും ഒരു രൂപതന്നെയാണ് വില, കൂടെയുള്ള പലഹാരങ്ങൾക്ക് 4 രൂപയും.


കോഴിക്കോട് ജില്ലയിലെ തീരപ്രദേശമായ മുഖദാറിലെ ഈ കൊച്ചു ചായക്കടയിൽ ദിവസവും നിരവധിപേരാണ് ഇക്കാടെ ചൂട് ചായ ഊതി ഊതി കൊടിക്കാൻ എത്തുന്നത്. മത്സ്യ തൊഴിലാളികളും, സമീപത്തെ സ്കൂൾ വിദ്യാര്ഥികളുമാണ് ഈ കടയിലെ സ്ഥിരം സന്ദശകർ. സുബഹി നിസ്ക്കാരം കഴിഞ്ഞു ഇക്കാടെ കടയിലെ ഒരു ചൂട് കട്ടൻ അതും ഇവിടുത്തുകാരുടെ ഒരു പതിവാണ്. വിലക്കയറ്റത്തിൽ ലോകം നെട്ടോട്ടമോടികൊണ്ടിരിക്കുമ്പോഴും ഒരു സേവനം എന്ന നിലയിലാണ് മുഹമ്മദിക്ക ചായയുടെ വില ഒരു രൂപയിൽ തന്നെ തുടരുന്നത്.ഒരു ചായക്ക് മുപ്പതും നാൽപതും വാങ്ങുന്ന കഫേ കാലത്ത് ഇത്ര രുചിയേറിയ ചായ ഒരു രൂപയ്ക്ക് കൊടുക്കുന്ന ഇക്കയും ഈ ചായക്കടയും ഇവിടത്തെ രുചിയും മനസ്സിൽ താലോലിച്ചാവും ഇവിടം സന്ദർശിക്കുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.